spot_img
Sunday, June 21, 2026

കർശന പരിശോധന, വൻ സുരക്ഷാ ക്രമീകരണങ്ങൾ… നീറ്റ് യു.ജി പുനഃപരീക്ഷ പൂർത്തിയായി.



ന്യൂഡൽഹി: കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ നീറ്റ് യു.ജി പുനഃപരീക്ഷ പൂർത്തിയായി. മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതിനാലാണ് പുനഃപരീക്ഷ നടത്തിയത്. ചോദ്യപേപ്പർ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത നിരീക്ഷണത്തിലായിരുന്നു പരീക്ഷ നടത്തിപ്പ്.ഇന്ത്യയിൽ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി 5440 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.

22.79 ലക്ഷത്തിലധികം വിദ്യാർഥികൾ പരീക്ഷ എഴുതി. പരീക്ഷാ കേന്ദ്രങ്ങളിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) ഏർപ്പെടുത്തിയിരുന്നു. സി.സി.ടി.വി കാമറകൾ, സിഗ്നൽ ജാമറുകൾ, ഇലക്ട്രോണിക് ആശയവിനിമയങ്ങൾ തടയാനുള്ള സംവിധാനങ്ങൾ, കർശനമായ ശരീരപരിശോധന എന്നിവ പരീക്ഷാകേന്ദ്രങ്ങളിൽ നിർബന്ധമാക്കിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.

ചില സംസ്ഥാനങ്ങളിൽ കേന്ദ്രസേനയുടെയും പ്രാദേശിക പൊലീസിന്റെയും പ്രത്യേക വിന്യാസവും ഏർപ്പെടുത്തിയിരുന്നു.മേയ് മൂന്നിന് നടന്ന ആദ്യ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതോടെയാണ് പുനഃപരീക്ഷ നടത്തുന്നത്. ഞായറാഴ്ച ഉച്ചക്ക് 2.30നാണ് പരീക്ഷ ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ പ്രവേശന പരീക്ഷകളിലൊന്നായ നീറ്റ് യു.ജിയുടെ വിശ്വാസ്യത വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ വളരെ വലിയ സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചിരുന്നു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷ റദ്ദാക്കലും വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്ക ഉയർത്തിയിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സി.ബി.എസ്.ഇ പ്ലസ്ടു ഒ.എസ്.എം മൂല്യനിർണയം, സി.ബി.എസ്.ഇ ത്രിഭാഷാ നയം എന്നിവയിൽ കേന്ദ്രസർക്കാറിനും എൻ.ടി.എക്കും വലിയ വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു. കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി ഉൾപ്പെടെ രംഗത്തെത്തുകയും വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles