കൊച്ചി : താര സംഘടനയായ ‘അമ്മ’യുടെ ഭരണ സമിതി രാജി വച്ചു. സംഘടനയിലെ തർക്കങ്ങൾക്കു പിന്നാലെയാണ് സംഘടന പ്രസിഡന്റായ ശ്വേത മേനോൻ ഉൾപ്പെടെ പതിനേഴംഗ ഭരണസമിതി രാജി വച്ചത്. ഭരണപരമായ തർക്കങ്ങളുടെയും വരവു–ചിലവു കണക്കുകളിലെ പിഴവുകളുടെയും സംഘടനയിലുണ്ടായ തർക്കങ്ങളുടെയും പിന്നാലെയാണ് രാജി. ഞായറാഴ്ച േചർന്ന ജനറൽ ബോഡി യോഗത്തിനുശേഷമാണ് രാജിപ്രഖ്യാപിച്ചത്.17 അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. നിലവിലെ സാഹചര്യത്തിൽ സംഘടനയുടെ ഭരണം ഒരു താത്കാലിക സമിതിക്ക് നൽകാനാണ് സാധ്യത. നേതൃത്വത്തിനകത്തുണ്ടായ ആരോപണ പ്രത്യാരോപണങ്ങളാണ് ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് നയിച്ചത്.’അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ വൻ പൊട്ടിത്തെറിയും നാടകീയ രംഗങ്ങളും അരങ്ങേറിയിരുന്നു.
ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളെച്ചൊല്ലി പ്രമുഖ താരങ്ങൾ തമ്മിൽ യോഗത്തിൽ നേർക്കുനേർ തർക്കിച്ചു. കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന മുതിർന്ന ഭാരവാഹികളുടെ പാനൽ റിപ്പോർട്ട് പാസാക്കുന്നതിനെ ശക്തമായി എതിർത്തതോടെ യോഗം കലുഷിതമായി.കണക്കുകളിൽ ഗുരുതരമായ പിഴവുകളുള്ള റിപ്പോർട്ട് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രമുഖ നടനും സംവിധായകനുമായ രഞ്ജി പണിക്കരും നിലപാടെടുത്തു. ഇതോടെ വാർഷിക റിപ്പോർട്ട് പാസാക്കാനാകാതെ ഭരണസമിതി പ്രതിസന്ധിയിലായി.
തർക്കം മുറുകിയതോടെ, വിഷയത്തിൽ വിശദമായ പഠനം നടത്താൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പോർട്ട് പാസാക്കാതെ എങ്ങനെയാണ് നിലവിലെ ഭരണസമിതിക്ക് മുന്നോട്ട് പോകാൻ സാധിക്കുകയെന്ന ചോദ്യവുമായി ഒരു വിഭാഗം അംഗങ്ങൾ ഉറച്ചുനിന്നതോടെയാണ് ഭരണസമിതിയുടെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
ഭരണസമിതിയും അംഗങ്ങളും തമ്മിലുള്ള വാദപ്രതിവാദങ്ങൾ അതിരുകടന്നതോടെ, യോഗത്തിൽ നാടകീയമായ മറ്റൊരു രംഗത്തിന് കൂടി കൊച്ചി വേദിയായി. സംഘടനയിലെ തർക്കങ്ങൾ പരിഹരിക്കാൻ മുൻ പ്രസിഡന്റായ മോഹൻലാൽ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നും വിഷയത്തിൽ ഇടപെടണമെന്നും കെ.ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ഗണേഷ് കുമാറിന്റെ ആവശ്യപ്രകാരം മൈക്കിന് മുന്നിലെത്തിയ മോഹൻലാൽ അതീവ വൈകാരികമായാണ് ജനറൽ ബോഡിയിൽ സംസാരിച്ചത്. “അംഗങ്ങൾക്കിടയിൽ വ്യക്തിപരമായ ഭിന്നതകൾ എന്തുതന്നെ ഉണ്ടായാലും, ഈ സംഘടനയെ ഒരു തരത്തിലും തകർക്കാൻ ആർക്കും സാധിക്കില്ല.” മോഹൻലാൽ പറഞ്ഞു.
സംഘടനയുടെ ഐക്യം തകർക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചെങ്കിലും, കണക്കുകളിലെ സുതാര്യത ചോദ്യം ചെയ്ത് ഒരു വിഭാഗം താരങ്ങൾ രംഗത്തുവന്നത് ‘അമ്മ’യ്ക്കുള്ളിലെ ഭിന്നത പൂർണ്ണമായും മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഇന്ന് രാവിലെ മോഹൻലാലാണ് ജനറൽ ബോഡി യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഭരണസമിതിയുടെ രാജിയാവശ്യപ്പെട്ട് ഒരു വിഭാഗം താരങ്ങൾ കത്ത് നൽകിയതിന് പിന്നാലെ, ജനറൽ ബോഡിയിലും കണക്കുകളെ ചൊല്ലി പ്രമുഖർ തിരിഞ്ഞതോടെ വരും ദിവസങ്ങളിൽ സംഘടനയ്ക്കുള്ളിൽ വലിയ രീതിയിലുള്ള അഴിച്ചുപണികൾക്ക് സാധ്യതയുണ്ടെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള സൂചനകൾ.






