spot_img
Monday, June 22, 2026

സ്ത്രീകളുടെ കംപാർട്ട്മെന്റിൽ പുരുഷന്മാരുടെ യാത്ര: ഇനി 2500 രൂപ പിഴ, ജൂലായ് 1 മുതൽ വർധന.



മുംബൈ: റെയിൽവേ നിയമങ്ങൾ ലംഘിച്ചാൽ യാത്രക്കാർ ഇനി കനത്തപിഴ നൽകേണ്ടി വരും. ജൂലായ് ഒന്നുമുതൽ ഇത് പ്രാബല്യത്തിലാവുമെന്ന് റെയിൽവേ അറിയിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, മറ്റൊരാളുടെ ടിക്കറ്റിൽ യാത്ര ചെയ്യുക, കച്ചവടം നടത്തുക, പുകവലിക്കുക, അതിക്രമിച്ചു കടക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള പിഴകൾ ജൻ വിശ്വാസ് നിയമപ്രകാരം റെയിൽവേ വർധിപ്പിച്ചിട്ടുണ്ട്.ടിക്കറ്റില്ലാതെ യാത്രചെയ്താൽ കുറഞ്ഞത് 500 രൂപ പിഴ ഈടാക്കും.നിലവിൽ ഇത് 250 രൂപയാണ്. 2013ലാണ് പിഴ 250 രൂപയാക്കിയത്. അതിനു മുൻപ് 50 രൂപ മാത്രമായിരുന്നു.

മറ്റൊരാളുടെ ടിക്കറ്റോ പാസോ ഉപയോഗിക്കുന്ന യാത്രക്കാർക്ക് കുറഞ്ഞത് 500 രൂപ പിഴയും ടിക്കറ്റ് കണ്ടുകെട്ടലും നേരിടേണ്ടി വരും. സ്ത്രീകളുടെ കംപാർട്ട്മെന്റുകളിൽ യാത്രചെയ്യുന്ന പുരുഷൻമാർ 2500 രൂപ പിഴയൊടുക്കേണ്ടി വരും.പുതുക്കിയ പിഴകൾ സബർബൻ, പാസഞ്ചർ, മെയിൽ, എക്‌സ്പ്രസ് ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും ബാധകമാണ്. ജൻവിശ്വാസ് ആക്ടിലെ 137,188 വ്യവസ്ഥകളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.നിയമലംഘനങ്ങൾ കുറയ്ക്കുക, യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുക എന്നിവയാണ് പുതുക്കിയ വ്യവസ്ഥകൾ ലക്ഷ്യമിടുന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

മറ്റ് കുറ്റകൃത്യങ്ങൾക്കും കർശനമായ ശിക്ഷകൾ ഭേദഗതികൾ വ്യവസ്ഥ ചെയ്യുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് അനധികൃതമായി കച്ചവടം നടത്തിയാൽ 2,000 രൂപയും ആവർത്തിച്ചാൽ 5,000 രൂപയും ഈടാക്കും. പുകവലിച്ചാൽ 2,000 രൂപയാണു പിഴ. അപകടകരമായതോ നിരോധിച്ചതോ ആയ വസ്‌തുക്കൾ കൊണ്ടുപോകുന്നതിന് കുറഞ്ഞത് 10,000 രൂപ ഈടാക്കാം. നീണ്ട കോടതി നടപടിക്രമങ്ങൾക്ക് പകരം സ്ഥലത്തുതന്നെ പിഴ ചുമത്താനും റെയിൽവേ അനുമതി നൽകിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles