spot_img
Tuesday, June 23, 2026

ഇന്ത്യയിൽ മൺസൂൺ ദുർബലമാകുന്നു, മഴ ലഭിക്കാത്ത സംസ്ഥാനങ്ങൾ ഇവയാണ്; ആശങ്ക



ഈ വർഷം ഇന്ത്യയിലെ തെക്കുപടിഞ്ഞാറൻ മൺസൂൺ അസാധാരണമായി ദുർബലമാണ്. ജൂൺ 1 മുതൽ 14 വരെയുള്ള കാലയളവിൽ ദീർഘകാല ശരാശരിയേക്കാൾ 28 ശതമാനം കുറവ് മഴ മാത്രമാണ് ലഭിച്ചത്. മൺസൂൺ സീസൺ പതിവിലും മന്ദഗതിയിലാണ് ആരംഭിച്ചത് എന്ന് ഏറ്റവും പുതിയ ഡാറ്റകൾ സൂചിപ്പിക്കുന്നു. ഇതോടെ രാജ്യത്തിന്റെ പലഭാഗത്തും മഴ ലഭ്യതയിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയുടെ മധ്യമേഖലയിലാണ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ മഴക്കുറവ് രേഖപ്പെടുത്തിയത്.

സാധാരണയേക്കാൾ പകുതിയിലും താഴെയാണ് ഇവിടെ ഇത്തവണ ഈ സീസണിൽ മഴ ലഭിച്ചത്. ഗുജറാത്തിൽ ഏറ്റവും വലിയ കുറവ് അനുഭവപ്പെട്ടു, ജൂൺ മാസത്തിലെ ആദ്യ രണ്ടാഴ്ചകളിൽ സാധാരണയേക്കാൾ 75 ശതമാനം കുറവ് മഴ മാത്രമേ സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളൂപ്രധാന കാർഷിക സംസ്ഥാനമായ മഹാരാഷ്ട്രയിൽ 69 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

കിഴക്കൻ, വടക്കു കിഴക്കൻ മേഖലകളിലും മഴ ലഭ്യതയിൽ 40 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മേഘാലയയാണ് കണക്കുകളിൽ മുന്നിൽ. മുൻ വർഷങ്ങളിലേതിനേക്കാൾ 86 ശതമാനം കുറവാണ് ഇവിടെ മഴ ലഭ്യത. ജില്ല തിരിച്ചുള്ള കണക്കെടുത്താൽ രാജ്യത്തുടനീളമുള്ള ഏകദേശം 200 ജില്ലകളിൽ മഴക്കുറവ് അനുഭവപ്പെടുന്നു എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. എൽ നിനോ പ്രതിഭാസമാണ് ദുർബലമായ മൺസൂണിന് വഴിയൊരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും അധികം മഴ എത്തിക്കുന്ന മൺസൂൺ ദുർബലമായതോടെ കാർഷിക മേഖല കനത്ത ആശങ്കയിലാണ്.

ഓഗസ്റ്റ് വരെ എൽനിനോ പിടിമുറുകാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.മരണവും വാർധക്യവും ഇവയെ തൊടില്ല;നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ ശക്തമായ എൽ നിനോ പ്രതിഭാസം ഉണ്ടാകാനുള്ള സാധ്യത 53 ശതമാനമാണെന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനും സൂചിപ്പിക്കുന്നു. അതായത് ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങൾ ഇനിയും മാസങ്ങളോളം മഴക്കുറവ് നേരിടേണ്ടി വന്നേക്കാം. വിളകൾ വിതയ്ക്കുന്നതിനേയും ജലസംഭരണികളിലെ അളവിനെയും മഴക്കുറവ് നേരിട്ട് ബാധിക്കും.മണ്ണിലെ ഈർപ്പം നിലനിർത്താൻ സാധിക്കാതെ വരുന്നതോടെ കാർഷിക മേഖലകളിൽ വരൾച്ച പിടിമുറുക്കും.

ഇന്ത്യയിലെ കൃഷിഭൂമിയുടെ ഏതാണ്ട് 60 ശതമാനവും മഴയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മഴ കുറഞ്ഞതോടെ പരിപ്പ് വർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങിയവയുടെ കൃഷി ആരംഭിക്കാനാവാത്ത സാഹചര്യമുണ്ട്. ജലക്ഷാമമാണ് മറ്റൊരു ആശങ്ക.മഴയുടെ കുറവ് മൂലം നദികളും ജലാശയങ്ങളും വറ്റി തുടങ്ങും. ഉപരിതല ജലം കുറയുന്നതോടെ കിണറുകളെയും കുഴൽക്കിണറുകളെയും അമിതമായി ആശ്രയിക്കുന്നത് ഭൂഗർഭജലനിരപ്പ് അപകടകരമായ രീതിയിൽ താഴാൻ ഇടയാക്കുകയും ചെയ്യും. ഈ വർഷത്തെ മൺസൂണിന്റെ ദുർബലമായ തുടക്കവും ഉയരുന്ന പാരിസ്ഥിതിക ആശങ്കകളും കേവലം ഒരു വർഷത്തെ മഴക്കുറവ് മാത്രമായി കാണാനാകില്ല എന്ന തരത്തിലും വിലയിരുത്തലുകളുണ്ട്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപന നിരക്കും നിയന്ത്രിച്ച് നിർത്തേണ്ടത് എത്രത്തോളം അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നതിലേക്കും ഇത് വിരൽ ചൂണ്ടുന്നുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles