തിരുവനന്തപുരം: ഒറ്റപ്പെടലും വിവിധ പ്രായോഗിക ബുദ്ധിമുട്ടുകളും നേരിടുന്ന മുതിർന്ന പൗരന്മാർക്ക് സുരക്ഷയും മാനസിക പിന്തുണയും ഉറപ്പാക്കാൻ കേരള പോലീസ് ആവിഷ്കരിച്ച ‘പ്രശാന്തി’ പദ്ധതി വിജയകരമായി മുന്നോട്ട്. ജനമൈത്രി പോലീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ പദ്ധതിയിലൂടെ നിരവധി വയോധികർക്കാണ് പ്രതിദിനം സഹായം ലഭ്യമാക്കുന്നത്.നിയമസഹായം, കൗൺസിലിംഗ്, അടിയന്തര യാത്രാസഹായം എന്നിവയ്ക്ക് പുറമേ വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും ഈ സംവിധാനം ഉപയോഗപ്പെടുത്താം.
മുതിർന്ന പൗരന്മാർക്കോ അവർക്ക് വേണ്ടി മറ്റുള്ളവർക്കോ 24 മണിക്കൂറും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:ഫോൺ കോൾ വഴി: 9497900035വാട്സ്ആപ്പ് സന്ദേശങ്ങൾക്ക്: 9497900045. വയോജനങ്ങളുടെ പരാതികൾ സമയബന്ധിതമായി തീർപ്പാക്കാനും, മറ്റ് വകുപ്പുകളിലെ കാര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനും പോലീസ് മുൻകൈ എടുക്കും. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് മരുന്നും ഭക്ഷണവും എത്തിക്കാനും അടിയന്തര യാത്രാപ്രശ്നങ്ങൾ പരിഹരിക്കാനുംBeat ഓഫീസർമാരുടെ സഹായം ലഭിക്കും.
ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് മാനസിക ഉന്മേഷം നൽകാൻ പ്രത്യേക കൗൺസിലിംഗ് സൗകര്യം ലഭ്യമാണ്. ഹെൽപ്പ് ലൈനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുതിർന്ന പൗരന്മാരെ ദിവസേന പോലീസ് ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്ന ഒരു പ്രത്യേക പദ്ധതിയും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ വീടുകളിലോ അയൽപക്കങ്ങളിലോ ഉള്ള മുതിർന്ന പൗരന്മാർക്ക് ഈ സേവനത്തെക്കുറിച്ച് അവബോധം നൽകാനും അടിയന്തര ഘട്ടങ്ങളിൽ ഈ നമ്പറുകൾ ഉപയോഗപ്പെടുത്താനും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് പോലീസ് അറിയിച്ചു.






