spot_img
Friday, August 7, 2026

നിപയെ തോൽപ്പിച്ച് 43കാരൻ വീട്ടിലേക്ക്; കോഴിക്കോട് മെഡിക്കൽ കോളേജിന് അഭിമാന നിമിഷം



കോഴിക്കോട്:നിപ രോഗം ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഫറോക്ക് സ്വദേശിയായ 43കാരനെ ഡിസ്ചാര്‍ജ് ചെയ്തു. ജൂണ്‍ 11ന് പുലര്‍ച്ചെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്നയാളാണ് പൂര്‍ണ രോഗമുക്തനായി വീട്ടിലേക്ക് തിരിച്ചത്. സര്‍ക്കാറിന്റെയും ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് പറഞ്ഞ രോഗിയും കുടുംബവും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഹൃദയം നന്ദി അറിയിച്ചാണ് ആശുപത്രി വിട്ടത്.

നിലവില്‍ രോഗി പൂര്‍ണ ബോധത്തോടെയാണുള്ളതെന്നും പരസഹായമില്ലാതെ നടക്കാന്‍ കഴിയുന്നുണ്ടെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. പനി പൂര്‍ണമായി ഭേദമാകുകയും ഓര്‍മശക്തി സാധാരണ നിലയിലാവുകയും ചെയ്തിട്ടുണ്ട്. നേരത്തെ തലച്ചോറില്‍ ഉണ്ടായിരുന്ന തകരാറുകള്‍ നല്ല രീതിയില്‍ കുറഞ്ഞതായി സ്‌കാനിങ്ങില്‍ വ്യക്തമായതായും ഡോക്ടര്‍മാര്‍ അറിയിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ നിപ സംശയത്തെ തുടര്‍ന്ന് സാമ്പിളുകള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ വൈറല്‍ റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലേക്കും പുണെ ഐ.സി.എം.ആറിലേക്കും അയച്ച് 2026 ജൂണ്‍ 10നാണ് രോഗം സ്ഥിരീകരിച്ചത്.

തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും നേതൃത്വത്തില്‍ ചികിത്സ നിരീക്ഷിക്കുന്നതിനായി ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ പരിശോധനയും നിര്‍ദേശങ്ങളും സ്വീകരിച്ച് ചികിത്സ തുടരുകയും ചെയ്തു. ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് റെംഡിസിവര്‍ മരുന്ന് ബഹ്‌റൈനില്‍നിന്ന് എത്തിച്ചത്. ഒന്നര മാസത്തോളം വെന്റിലേറ്റര്‍ സഹായത്തില്‍ തുടര്‍ന്ന രോഗിയെ ജൂലൈ നാലിന് ഐസൊലേഷന്‍ ഐ.സി.യുവില്‍നിന്ന് ട്രാന്‍സിറ്റ് ഐ.സി.യുവിലേക്ക് മാറ്റി. സ്വയം ശ്വസിക്കാന്‍ തുടങ്ങിയതോടെ വെന്റിലേറ്ററില്‍നിന്ന് പൂര്‍ണമായി മാറ്റുകയും സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടതോടെ റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ സജീത്ത്, സൂപ്രണ്ട് ഡോ. എം പി ശ്രീജയന്‍, മെഡിസിന്‍ വിഭാഗത്തിലെ ഡോ. വി.കെ ഷമീര്‍, ഡോ. ആര്‍ ഗായത്രി, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. പി.എം അനിത, പോസ്റ്റ് ഗ്രാജ്വേറ്റ്‌സ് ടീം, ചീഫ് നഴ്‌സിങ് ഓഫീസറുടെ നേതൃത്വത്തില്‍ നഴ്‌സിങ് ടീം, മറ്റു വിഭാഗം ഡോക്ടര്‍മാര്‍ എന്നിവരുടെ സംഘമാണ് ചികിത്സ മുന്നോട്ടുപോയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles