ന്യൂഡൽഹി: കാൻസറിനെതിരായ പോരാട്ടത്തിൽ തളരാത്ത മനക്കരുത്തുമായി മുന്നേറി പ്രശസ്ത ബോളിവുഡ് താരവും രാഷ്ട്രീയ പ്രവർത്തകയുമായ നഫീസ അലി സോധി. നാലാംഘട്ട പെരിറ്റോണിയൽ കാൻസറിനോട് (Stage 4 Peritoneal Cancer) പൊരുതിക്കൊണ്ടിരിക്കുമ്പോഴും, പ്രകൃതിയുടെ മടിത്തട്ടിൽ നിന്ന് ഊർജ്ജം സംഭരിക്കാൻ 11,000 അടി ഉയരത്തിൽ ട്രെക്കിങിന് പോയിരിക്കുകയാണ് താരം. ശസ്ത്രക്രിയക്കും കീമോതെറാപ്പി ചികിത്സകൾക്കും ശേഷം തനിക്ക് ലഭിച്ച വലിയൊരു ആശ്വാസമായാണ് ഈ ട്രെക്കിംഗിനെ നഫീസ അലി കാണുന്നത്.’ഈ യാത്ര തന്റെ മനസ്സിന് വലിയൊരു ഉണർവ് നൽകിയെന്നും പുതിയൊരു ജന്മം ലഭിച്ചതുപോലെ അനുഭവപ്പെടുന്നതായും’ നഫീസ സോഷ്യൽ മീഡിയയിൽ കുറിച്ചു.
റോഹ്താങ് പാസിന് സമീപമുള്ള 11,000 അടി ഉയരത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എത്തിയതിന്റെ വീഡിയോകളും ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നഫീസ അലി പങ്കുവെച്ച ചിത്രങ്ങളിൽ തന്റെ മരുമകന്റെയും ചെറുമകന്റെയും സഹായത്തോടെ മലകയറുന്നതും പാറക്കെട്ടുകൾക്കിടയിലൂടെ നടക്കുന്നതുമായ യാത്ര പലരും പ്രചോദനമായി കാണുന്നുണ്ട്.
2018ലാണ് ആദ്യമായി മൂന്നാം ഘട്ട കാൻസർ നഫീസ അലിക്ക് സ്ഥിരീകരിച്ചത്. അന്ന് അതിനെ അതിജീവിച്ചെങ്കിലും, കഴിഞ്ഞ വർഷം രോഗം നാലാം ഘട്ടത്തിൽ തിരിച്ചെത്തുകയായിരുന്നു. എന്നാൽ, ഈ രോഗാവസ്ഥയുടെ തുടക്കത്തിൽ ഡോക്ടർമാർക്ക് കൃത്യമായ രോഗനിർണ്ണയം നടത്തുന്നതിൽ വീഴ്ച സംഭവിച്ചെന്നും, അത് രോഗം മൂർച്ഛിക്കാൻ കാരണമായെന്നും നഫീസ വെളിപ്പെടുത്തുന്നു.’എന്റെ വയറുവേദന കാൻസർ ആണെന്ന് എന്റെ മനസ്സ് അന്ന് പറഞ്ഞിരുന്നു.
എന്നാൽ, തുടക്കത്തിൽ ഡോക്ടർമാർ അത് തിരിച്ചറിഞ്ഞില്ല,’ നഫീസ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അപ്പൻഡിസൈറ്റിസ് ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ട ഈ അവസ്ഥ, പിന്നീട് വലിയ ആരോഗ്യ പ്രതിസന്ധികൾക്ക് വഴിതുറന്നു. എങ്കിലും തളരാതെ, ഈ അസുഖത്തെ ഒരിക്കൽ കൂടി തോൽപ്പിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് ഈ 69കാരി.കീമോതെറാപ്പിയുടെ കടുത്ത പാർശ്വഫലങ്ങൾക്കിടയിലും മനോധൈര്യം കൈവിടാതെ, തന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും മുറുകെപ്പിടിച്ച് ജീവിതത്തെ ആസ്വദിക്കാനാണ് നഫീസ ശ്രമിക്കുന്നത്.
‘ജുനൂൺ’, ‘മേജർ സാബ്’, ‘ലൈഫ് ഇൻ എ മെട്രോ’, ‘യംല പഗ്ല ദീവാന’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നഫീസ, മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്. മമ്മൂട്ടിക്കൊപ്പമുള്ള ‘ബിഗ് ബി’യിലെ പ്രകടനം ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒന്നാണ്. ഒരു നടിയെന്നതിലുപരി, കാൻസർ രോഗികൾക്ക് വലിയൊരു പ്രതീക്ഷയുടെ വെളിച്ചമായി മാറുകയാണ് നഫീസ അലി.






