തിരുവനന്തപുരം : ബക്കാഡി ഇടപാടിൽ സർക്കാരിനെതിരെ സിപിഎം പോർമുഖം തുറക്കുമ്പോൾ, ഇതേ കമ്പനിയുടെ അപേക്ഷയിൽ പിണറായി സർക്കാരിലെ 2 മന്ത്രിമാർ അനുകൂല നടപടികൾ സ്വീകരിച്ചതിനു രേഖ. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അനുമതി നൽകി പിണറായി സർക്കാരിന്റെ കാലത്ത് ഭരണതലത്തിൽ നടത്തിയ ഫയൽനീക്കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.രണ്ടാം പിണറായി സർക്കാരിൽ എക്സൈസ് മന്ത്രിമാരായിരുന്ന എം.വി.ഗോവിന്ദനും എം.ബി.രാജേഷുമാണു മദ്യവിൽപനയ്ക്കു വഴിയൊരുക്കാനുള്ള നടപടികൾക്കു പച്ചക്കൊടി കാട്ടിയത്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ പേരിൽ സർക്കാരിനെ കടന്നാക്രമിക്കാൻ മുന്നിട്ടിറങ്ങിയ സിപിഎമ്മിനെ തിരിഞ്ഞുകുത്തുന്നതാണ് മന്ത്രിയായിരിക്കെ, നിലവിലെ പാർട്ടി സംസ്ഥാന സെക്രട്ടറി കൂടിയായ ഗോവിന്ദൻ സ്വീകരിച്ച നടപടികൾ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ എൽഡിഎഫിനെ നേരിട്ടത്.മദ്യം വിൽക്കാൻ അനുമതിതേടി ഒന്നാം പിണറായി സർക്കാരിനെയും ബക്കാഡി സമീപിച്ചതിന്റെ രേഖ ഫയലിലുണ്ട്. ബവ്കോയുടെ ടെൻഡറിൽ പങ്കെടുക്കാൻ അനുമതി തേടി 2017 ജൂൺ 6ന് അന്നത്തെ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനു കമ്പനി കത്ത് നൽകിയെങ്കിലും വീര്യം കുറവാണെന്ന കാരണത്താൽ അനുമതി നിഷേധിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത്, 2021 സെപ്റ്റംബർ 17ന് എക്സൈസ് മന്ത്രി ഗോവിന്ദനു ബക്കാഡി കത്ത് നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ വിദേശമദ്യ ചട്ടം ഭേദഗതി ചെയ്യാനുള്ള ഫയൽനീക്കം 2021 നവംബർ 16ന് ആരംഭിച്ചു. ഇതിനു പുറമേ എസ്ഡിഎഫ് ഇൻഡസ്ട്രീസ് എന്ന കമ്പനി 10– 20% വീര്യമുള്ള മദ്യത്തിന്റെ വിൽപനയ്ക്കും അനുമതി തേടി. ‘ബക്കാഡി ഇന്ത്യ, എസ്ഡിഎഫ് ഇൻഡസ്ട്രീസ് എന്നിവ നൽകിയ അപേക്ഷകളും സമാനമായ മറ്റ് അപേക്ഷകളും ഒരുമിപ്പിച്ച്, വീര്യം കുറഞ്ഞ മദ്യത്തിനു വ്യക്തമായ നിർവചനം നൽകി വിശദമായ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കുക’ എന്ന് 2021 നവംബർ 29ന് ഗോവിന്ദൻ ഫയലിൽ കുറിച്ചു.
0.5 – 20% വരെ വീര്യമുള്ള മദ്യത്തിന് അനുമതി നൽകി 2022 മാർച്ചിൽ സർക്കാർ മദ്യനയം ഭേദഗതി ചെയ്തു. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന അനുവദിക്കുന്നതിന് വിദേശമദ്യ ചട്ടം ഭേദഗതി ചെയ്യാനുള്ള എക്സൈസ് കമ്മിഷണറുടെ ശുപാർശയും ചട്ടഭേദഗതിയുടെ കരടും അതേവർഷം ജൂലൈ 25നു ഗോവിന്ദൻ അംഗീകരിച്ചു.സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ സ്ഥാനമൊഴിഞ്ഞ ഗോവിന്ദനു പിന്നാലെ രാജേഷ് എക്സൈസ് മന്ത്രിയായ ശേഷമായിരുന്നു തുടർനീക്കങ്ങൾ. വിവിധ വകുപ്പുകളുടെയും നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെയും അനുമതിയോടെ ഭേദഗതി ചെയ്ത വിദേശമദ്യ ചട്ടം 2023 ജനുവരി ആറിന് രാജേഷ് അംഗീകരിച്ചു. അതുസംബന്ധിച്ച ഉത്തരവിറക്കാനും അനുമതി നൽകി.






