താമരശ്ശേരി : ചുരത്തിലെ മൂന്നു വളവുകളിൽ നടക്കുന്ന നിർമാണപ്രവൃത്തികളിൽ മെല്ലെപ്പോക്ക്, ഗതാഗതക്കുരുക്ക് രൂക്ഷം. ആവശ്യത്തിനു തൊഴിലാളികളില്ല. ഭാരവാഹനങ്ങളുടെ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചതും പാഴ്‌വാക്കായി. ചുരത്തിലെ വളവുകളുടെ നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതാണ് നിലവിൽ കുരുക്കു രൂക്ഷമാക്കുന്നത്. 6, 7, 8 വളവുകളാണു വീതികൂട്ടി നവീകരിക്കുന്നത്. ആവശ്യത്തിനു പണിക്കാരില്ലാതെ ഇഴയുന്ന പ്രവൃത്തി കാണുമ്പോഴറിയാം, ഇത് അടുത്തകാലത്തൊന്നും തീരില്ല. അടിത്തറ നിർമാണം തുടങ്ങിയിട്ടു പോലുമില്ല.
ആറാം വളവിൽ നട്ടംതിരിയും ചുരത്തിലെ കുരുക്കിൽ ഉരുകിത്തീരുകയാണ് യാത്രക്കാർ. പ്രവൃത്തി നടക്കുന്ന ആറാം വളവിൽ മിക്ക ദിവസങ്ങളിലും വാഹനങ്ങൾ കുടുങ്ങാറുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 9.30ന് ചുരം കയറിയ കണ്ടെയ്നർ ലോറി ആറാം വളവിൽ കേടായതോടെ രണ്ടര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പൊലീസും അടിവാരം ഔട്ട് പോസ്റ്റ് പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നു ട്രാക്ടർ എത്തിച്ചാണ് രാവിലെ പതിനൊന്നോടെ കണ്ടെയ്നർ അരികിലേക്കു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ലോറി ഉച്ചയ്ക്ക് 2.45ന് ആണ് ഇവിടെ നിന്നു മാറ്റിയത്.കഴിഞ്ഞ തിങ്കളാഴ്ച 5ന് ഇവിടെ ലോറി കുടുങ്ങിയപ്പോൾ നാലര മണിക്കൂറാണു ഗതാഗതം തടസ്സപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 9.30ന് കെഎസ്ആർടിസി ബസ് കേടായപ്പോൾ രണ്ടര മണിക്കൂർ ഗതാഗതം മുടങ്ങി. ആറാം വളവിനു താഴെ അതേദിവസം പുലർച്ചെ 5നു ലോറി കേടായപ്പോൾ നാലര മണിക്കൂറാണു ഗതാഗതം തടസ്സപ്പെട്ടത്. മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചിറക്കുന്ന മണ്ണും കല്ലും മറ്റും റോഡരികിൽ പലയിടത്തും കൂട്ടിയിട്ടിട്ടുണ്ട്. ആറാം വളവിലും എട്ടാംവളവിലും കെഎസ്ആർടിസി ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ വളവ് തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. ചുരത്തിൽ 6, 8 വളവുകൾ കടക്കാൻ മണിക്കൂറുകൾ എടുക്കുന്നുണ്ട്. വാഹനങ്ങൾ വൺവേയായി കടത്തിവിട്ടാണ് കുരുക്ക് അഴിക്കുന്നത്. ഇതിനിടെ അമിതഭാരം കയറ്റിയ കണ്ടെയ്നറുകളും മറ്റും കുടുങ്ങുന്നതോടെ പ്രതിസന്ധി രൂക്ഷമാകും.
അടിയന്തര ഇടപെടൽ ചുരത്തിലെ ഗതാഗതനിയന്ത്രണം ശക്തമാക്കാൻ പൊലീസിന്റെ ഇടപെടൽ അത്യാവശ്യമാണ്. ജില്ലാ ഭരണകൂടം മൂന്നാഴ്ച മുൻപു ചുരത്തിൽ നടത്തുമെന്നു പ്രഖ്യാപിച്ച പൊലീസ് നിരീക്ഷണം എല്ലാ വളവിലും വേണം. നിലവിൽ ചുരത്തിൽ വാഹനങ്ങൾ കുടുങ്ങിയാൽ നീക്കാനുള്ള ക്രെയിനും അറ്റകുറ്റപ്പണിക്കാരും കൽപറ്റയിൽനിന്നോ താമരശ്ശേരിയിൽനിന്നോ എത്തണം. മുൻപ് ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആവശ്യപ്പെട്ടതുപോലെ ചുരത്തിൽ ക്രെയിനും അറ്റകുറ്റപ്പണിക്കുള്ള സാങ്കേതിക പിന്തുണയും ഉറപ്പാക്കിയാൽ പ്രശ്നം പരിഹരിക്കാം.
ഡ്രൈവിങ്ങിലും വേണം മര്യാദ ചുരത്തിൽ അമിതവേഗത്തിൽ, വാഹനങ്ങളെ വളവുകളിൽപോലും മറികടക്കുന്നതാണ് പതിവ്. വാഹനങ്ങൾ നിരനിരയായി പതിയെപ്പോകുമ്പോഴും നിരതെറ്റിച്ച് അതിവേഗം മുന്നിലെത്താനുള്ള ശ്രമം കുരുക്ക് രൂക്ഷമാക്കുന്നതു പതിവുകാഴ്ചയാണ്.






