പേരാമ്പ്ര : ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ സമൂസ നിർമാണ യൂണിറ്റ് അടച്ചുപൂട്ടി. വൃത്തിഹീനമായ ചുറ്റുപാടിൽ ഉണ്ടാക്കിയ ആയിരത്തോളം സമൂസകളും നശിപ്പിച്ചു. കുരുടി മുക്കിലെ കോഫി ഇൻ എന്ന സ്ഥാപനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. സമൂസ നിർമാണ യൂണിറ്റിലെ തൊഴിലാളികൾക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അടക്കം ആരോഗ്യ പരിശോധന രേഖകൾ ഒന്നും ഇല്ലെന്ന് അധികൃതർ കണ്ടെത്തി. ഉൽപന്ന നിർമാണത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ പരിശോധന റിപ്പോർട്ടും ലഭിച്ചില്ല.
നിർമാണ കേന്ദ്രം അതീവ വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു എന്നും, എലി, പൂച്ച, പാമ്പ് തുടങ്ങിയ ജീവികൾക്ക് എളുപ്പത്തിൽ പ്രവേശിക്കാവുന്ന വിധത്തിൽ കെട്ടിടവും പരിസരവും സുരക്ഷിതമല്ലാത്ത നിലയിലായിരുന്നെന്നും പരിശോധനയിൽ കണ്ടെത്തി. ഉൽപാദനത്തിലും കൈകാര്യം ചെയ്യലിലും ഗ്ലൗസ്, ഹെഡ് ക്യാപ് തുടങ്ങിയ വ്യക്തിഗത ശുചിത്വ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാതിരുന്നതും ഗുരുതരമായ വീഴ്ചയായി കണ്ടെത്തി. പേരാമ്പ്ര ഭക്ഷ്യ സുരക്ഷ ഓഫിസർ ഡോ. വിജി വിൽസൻ, പി.അഭിനന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.






