spot_img
Monday, July 6, 2026

സുൽത്താന്റെ ഓർമകൾ നിറഞ്ഞ് ആകാശമിഠായി.



ബേപ്പൂർ : എഴുത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾ നിറഞ്ഞ് ആകാശ മിഠായി. ബേപ്പൂരിലെ ബഷീർ സ്മാരകമായ ആകാശമിഠായിയിൽ നടന്ന ചടങ്ങിൽ കോഴിക്കോട്ടെ സാഹിത്യ-സാംസ്‌കാരിക രംഗത്തെ നിരവധിപേർ പങ്കെടുത്തു. ബഷീറിന്റെ എഴുത്തിലൂടെ സഞ്ചരിക്കുന്ന കുട്ടികളുടെ ചിത്രം വരയലും പ്രദർശനവും നടന്നു. ബഷീർ ഫെസ്റ്റ് 2026ന്റെ ഉദ്ഘാടനം എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാലാതിവർത്തിയാണ് ബഷീറെന്നും അദ്ദേഹത്തിന്റെ എഴുത്ത് മലയാളിയുടെ സമ്പാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ അദ്ധ്യക്ഷയായി.

അനീസ് ബഷീർ സ്വാഗതം പറഞ്ഞു. അനുസ്മരണ പ്രഭാഷണം എം. എൻ. കാരശ്ശേരി നിർവഹിച്ചു. കെ.ഇ.എൻ., ഖദീജാ മുംതാസ്, സി. സന്ദേശ്, ഷിബു പിണ്ണാണത്ത്, സരിത എ.കെ. എന്നിവർ പ്രസംഗിച്ചു.കഥയുടെ സുൽത്താന്റെ ഓർമ പുതുക്കാൻ ബേപ്പൂരിലെ വീട്ടമ്മമാർ ഒരുക്കിയ ബഷീറിന്റെ പെണ്ണുങ്ങൾ എന്ന നാടകം ഓർമദിനത്തിൽ വേറിട്ട അനുഭവമായി. ബഷീർ കൃതികളിലെ ആറു സ്ത്രീകഥാപാത്രങ്ങളെയാണ് നാടകത്തിൽ ആവിഷ്‌കരിച്ചത് പാത്തുമ്മയുടെ ആടിലെ പാത്തുമ്മ, മതിലുകളിലെ നാരായണി, പ്രേമലേഖനത്തിലെ സാറാമ്മ, ന്റുപ്പൂപ്പാക്ക് ഒരു ആനേണ്ടാർന്നു എന്ന കൃതിയിലെ കുഞ്ഞിപ്പാത്തുമ്മ, ഭൂമിയുടെ അവകാശികളിലെ ഫാബി, മുച്ചീട്ടു കളിക്കാരന്റെ മകളിലെ സൈനബ എന്നീ കഥാപാത്രങ്ങളാണ് രംഗത്ത് വന്നത്.

ആറു കഥാപാത്രങ്ങളും ഒരേസമയം വേദിയിൽ ഉണ്ടായിരുന്നെങ്കിലും ഒരു കഥാപാത്രമാണ് ഒരു സമയം സ്വന്തം കാര്യങ്ങൾ ആവിഷ്‌കരിക്കുന്നത്. ബേപ്പൂർ കലാ ഗ്രാമം കഴിഞ്ഞ മെയ് മാസം നടത്തിയ സ്ത്രീകളുടെ നാടക ക്യാമ്പിൽ നിന്നാണ് ഇത്തരം ഒരു നാടകത്തിന് രൂപം നൽകുന്നത്. ക്യാമ്പിലെ 20 വയസുള്ള പെൺകുട്ടികൾ മുതൽ 70 വയസ് പ്രായമുള്ള മുത്തശ്ശിവരെയാണ് നാടകത്തിൽ വേഷമിട്ടത്. ക്യാമ്പ് ഡയറക്ടറും സംവിധായകനുമായ അഭീഷ് ശശിധരനാണ് ഈ നാടകത്തിന് രംഗാവിഷ്‌കാരം നൽകിയത്. കനകലത, ഉഷ, ജയശ്രീ, ശശികല, ബിന്ദു, ഷഹന എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles