കൊച്ചി: കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ വന്‍ക്രമക്കേടെന്ന് കണ്ടെത്തല്‍. മരിച്ചവരുടെ പേരില്‍ വ്യാജ സമ്മതപത്രങ്ങള്‍ ഒപ്പിട്ടു നല്‍കി. മൂവാറ്റുപുഴയില്‍ ഒരേ കയ്യക്ഷരത്തില്‍ 14 സമ്മതപത്രങ്ങളാണ് നല്‍കിയതെന്നും കണ്ടെത്തി. ഒരു പന പോലുമില്ലാത്ത തോട്ടത്തില്‍ നിന്ന് കള്ള് ചെത്തുന്നതായും റിപ്പോർട്ടറിന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.2017ല്‍ മരിച്ചയാള്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 20ന് സമ്മതപത്രത്തില്‍ ഒപ്പിട്ടതായാണ് വ്യാജരേഖ ചമച്ചിരിക്കുന്നത്. 2020ലും 2025ലും മരിച്ചവരും മൂന്നുമാസം മുന്‍പ് സ്വന്തം തോട്ടങ്ങളില്‍ നിന്ന് കള്ള് ചെത്താന്‍ സമ്മതം നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് മരിച്ചയാള്‍ പോലും പത്തു ദിവസത്തിന് ശേഷം സമ്മതപത്രത്തില്‍ ഒപ്പിട്ടു എന്നാണ് രേഖകള്‍. മരിച്ചവരുടെ കുടുംബങ്ങള്‍ പോലും ഇക്കാര്യം അറിഞ്ഞിട്ടുമില്ല.
മരിച്ചവരുടെ പേരിലും സമ്മതപത്രം; കള്ള് ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ വന്‍ ക്രമക്കേട്
മൂവാറ്റുപുഴ റേഞ്ചില്‍ ഒന്‍പതാം ഗ്രൂപ്പിലെ ഷാപ്പുകളുടെ ലൈസന്‍സിനായി സമര്‍പ്പിച്ച 14 സമ്മതപത്രങ്ങളില്‍ ഒരേ കയ്യക്ഷരമാണെന്നും വ്യക്തമായിട്ടുണ്ട്. സമ്മതപത്രത്തില്‍ 10 പനകളുണ്ടെന്ന് പറഞ്ഞ തോട്ടത്തില്‍ പോയാല്‍ ഒരു പന പോലുമില്ലെന്നതാണ് മറ്റൊരു വസ്തുത. ചെത്തുന്ന തെങ്ങുകള്‍ക്കും പനകള്‍ക്കും എക്സൈസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി നമ്പര്‍ ഇട്ടു നല്‍കണം എന്നാണ് നിയമം. എന്നാല്‍ എല്ലാം അട്ടിമറിക്കപ്പെടുന്നു. രേഖകളില്‍ പറയുന്ന തോട്ടങ്ങളില്‍ കള്ള് ചെത്തല്‍ നടക്കുന്നില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്. അപ്പോള്‍ ഷാപ്പുകളിലെ കള്ള് എവിടെനിന്നു വരുന്നു എന്നതിന് ഷാപ്പ് ഉടമകളും ബന്ധപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥരും മറുപടി പറയണം എന്നാണ് ആവശ്യം.






