പാലക്കാട്: ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്ന ആദ്യ മലയാളിയായി നാസ ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ. ഒറ്റപ്പാലത്ത് വേരുകളുള്ള അനിൽ ഇന്ത്യൻ-അമേരിക്കൻ ഫിസിഷ്യനും എൻജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ്.കസാക്കിസ്ഥാനിലെ ബൈക്കോണൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യൻ പേടകമായ സോയൂസ് എം.എസ്-29 (Soyuz MS-29) വഴി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കാണ് അനിലിന്റെ യാത്ര.എട്ടുമാസം നീളുന്ന ഈ ദൗത്യം മനുഷ്യന്റെ ദീർഘദൂര ബഹിരാകാശ യാത്രകൾക്കായുള്ള പരീക്ഷണങ്ങൾക്കായി ഉപയോഗിക്കും. ചൊവ്വാഴ്ച അനിൽ ഉൾപ്പെടുന്ന സംഘം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും.
രണ്ട് റഷ്യൻ ശാസ്ത്രജ്ഞർക്കൊപ്പമാണ് അനിലിന്റെ ബഹിരാകാശ ദൗത്യം. അനിലിന്റെ പിതാവ് ശങ്കര മേനോൻ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്. എന്നാൽ അനിൽ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. ഹാർവാർഡിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടിയ അനിൽ, സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.യുഎസ് വ്യോമസേനയിൽ കേണലായിരുന്ന അദ്ദേഹം 2014ൽ നാസയിൽ ഫ്ലൈറ്റ് സർജനായെത്തി. എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടറായാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. നിലവിൽ ബഹിരാകാശ യാത്രക്കുള്ള അവസാനഘട്ട പരിശീലനത്തിലാണ് അനിൽ.






