ബെംഗളൂരു: അനുഗ്രഹീതമായ സ്വരമാധുര്യവും ആലാപനസിദ്ധിയുമായി ശ്രോതാക്കളുടെ ഹൃദയത്തിൽ കൂടുകൂട്ടിയ തെന്നിന്ത്യൻ വാനമ്പാടി എസ്.ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. തദ്ദേശിയവും വിദേശിയവുമായ ഇരുപതോളം ഭാഷകളിൽ പതിനായിരക്കണക്കിന് പാട്ടുകൾ പാടി.ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ 23നായിരുന്നു എസ്. ജാനകിയുടെ ജനനം. പിതാവ് ശിസ്തില രാമമൂർത്തി ആയുർവേദ ഡോക്ടറായിരുന്നു. മാതാപിതാക്കൾ ചെറുപ്പത്തിലേ മരിച്ചു.
അമ്മാവനായ ഡോ. ചന്ദ്രശേഖറിന്റെ സംരക്ഷണയിലാണ് ജാനകി പിന്നീട് വളർന്നത്. ചെറുപ്പം മുതലേ സംഗീതവാസനയുണ്ടായിരുന്നെങ്കിലും ചില ഹൃസ്വകാല പഠനങ്ങളൊഴികെ ശാസ്ത്രിയസംഗീതം ആഴത്തിൽ പഠിക്കാനുള്ള അവസരങ്ങളൊന്നും ലഭിച്ചില്ല. 1956ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനത്തിന് അർഹയായതാണ് ജാനകിക്ക് സംഗീതലോകത്തേക്കു വഴിതുറന്നത്.
രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് ജാനകിക്ക് അന്ന് പുരസ്കാരം നൽകിയത്. 1957ൽ മദ്രാസിലെ എവിഎം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു. പ്രശസ്ത സംഗീത സംവിധായകൻ ചലപതി റാവുവിനുവേണ്ടി വിധിയിൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിൽ പാടിയാണ് ജാനകി ചലച്ചിത്ര സംഗീതലോകത്തേക്ക് കടന്നുവരുന്നത്. ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും മലയാളം ഉൾപ്പെടെ ആറു ഭാഷകളിൽ പാടുവാൻ ആ വർഷം തന്നെ അവസരം ലഭിച്ചു. 1957ൽ പുറത്തിറങ്ങിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ഇരുൾ മൂടുകയോ എൻ വഴിയിൽ എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്.
1962ൽ പുറത്തിറങ്ങിയ കൊഞ്ചും ചിലങ്കൈ എന്ന തമിഴ്ചിത്രത്തിൽ ജാനകി പാടിയ ശിങ്കാര വേലനെ ദേവ എന്ന പാട്ട് തെന്നിന്ത്യൻ സംഗീതലോകത്തെ ഇളക്കിമറിച്ചു. സിനിമാസംഗീതമേഖലയിൽ ജാനകി തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകർക്കുവേണ്ടിയും ജാനകി പാടിയിട്ടുണ്ടെങ്കിലും എംഎസ് ബാബുരാജിന്റെ ഈണങ്ങളിലൂടെയാണ് ജാനകിയുടെ സ്വരമാധുരി മലയാളികൾക്ക് ഏറ്റവുമധികം അനുഭവവേദ്യമായത്. തളിരിട്ട കിനാക്കൾതൻ..(മൂടുപടം), അഞ്ജന കണ്ണെഴുതീ…(തച്ചോളി ഒതേനൻ), സൂര്യകാന്തീ..(കാട്ടുപൂവ്), ഒരു കൊച്ചു സ്വപ്നത്തിൻ (തറവാട്ടമ്മ), താമര കുമ്പിളിലല്ലോ മമഹൃദയം (അന്വേഷിച്ചു കണ്ടെത്തിയില്ല) തുടങ്ങിയ ഗാനങ്ങൾ ഉദാഹരണം.
മഞ്ഞണിപ്പൂനിലാവിൽ (നഗരമേ നന്ദി, സംഗീതം– കെ. രാഘവൻ), നിദ്രതൻ നീരാഴി (പകൽക്കിനാവ്, സംഗീതം ചിദംബരനാഥ്), ഇന്നലെ നീയൊരു സുന്ദര രാഗമായെൻ (സ്ത്രീ, സംഗീതം ദക്ഷിണമൂർത്തി), സന്ധ്യേ കണ്ണീരിതെന്തേ (മദനോത്സവം, സലീൽ ചൗധരി), ഉണരൂ വേഗം നീ (മൂടൽമഞ്ഞ്, ഉഷാഖന്ന), ആ നിമിഷത്തിന്റെ നിർവൃതിയിൽ (ചന്ദ്രകാന്തം, എംഎസ് വിശ്വനാഥൻ), ഇളം മഞ്ഞിൻ കുളിരുമായി (എന്നിഷ്ടം നിന്നിഷ്ടം, കണ്ണൂർ രാജൻ), മാനത്തിൻ മുറ്റത്ത് (കറുത്ത പൗർണമി, എംകെ അർജുനൻ), ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ (കടൽ, എംബി ശ്രീനിവാസൻ), മഞ്ഞണിക്കൊമ്പിൽ (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ജെറി അമൽദേവ്), ഗോപികേ നിൻ വിരൽ (കാറ്റത്തെ കിളിക്കൂട്, ജോൺസൺ), തേനും വയമ്പും (തേനും വയമ്പും, രവീന്ദ്രൻ) മൈനാകം (തൃഷ്ണ, ശ്യാം) നാഥാ നീവരും കാലൊച്ച (ചാമരം, എംജി രാധാകൃഷ്ണൻ) തുടങ്ങിയ നൂറുകണക്കിന് അനശ്വരഗാനങ്ങളിലൂടെ എസ് ജാനകിയുടെ മാന്ത്രികശബ്ദം മലയാളിഹൃദയങ്ങളെ വിവിധ വികാരങ്ങളിൽ ഊയലാടിച്ചു.ദക്ഷിണേന്ത്യൻ ഭാഷകൾക്ക് പുറമേ ഹിന്ദി, ബംഗാളി, പഞ്ചാബി, ഒറിയ, ഇംഗ്ളീഷ്, സംസ്കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡഗ, സിംഹള, ജർമൻ ഭാഷകളിലും ജാനകി പാടിയിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശിയ അവാർഡ് നാലുതവണ എസ്.ജാനകിയ്ക്ക് ലഭിച്ചു.
ഓപ്പോൾ എന്ന സിനിമയിലെ ഏറ്റുമാനൂരമ്പലത്തിൽ എന്നു തുടങ്ങുന്ന പാട്ടാണ് 1981ലെ ദേശീയ അവാർഡിന് ജാനകിയെ അർഹയാക്കിയത്. രണ്ടു തവണ തമിഴ് ഗാനങ്ങളും ഒരു തവണ തെലുങ്കുമാണ് അവർക്ക് ദേശിയ പുരസ്കാരം സമ്മാനിച്ചത്. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് 11 തവണയും ആന്ധ്രാ സർക്കാരിൻറ അവാർഡ് 10 തവണയും തമിഴ്നാട് സംസ്ഥാന അവാർഡ് ഏഴു പ്രാവശ്യവും മികച്ച ഗായികയ്ക്കുള്ള ഒറീസ സർക്കാരിന്റെ അവാർഡ് ഒരു തവണയും എസ്. ജാനകിയ്ക്ക് ലഭിച്ചുപരേതനായ വി.രാമപ്രസാദാണ് എസ്. ജാനകിയുടെ ഭർത്താവ്. 1958ലായിരുന്നു വിവാഹം. 1990ൽ അദ്ദേഹം മരണപ്പെട്ടു. ഏക മകൻ മുരളീകൃഷ്ണ (പരേതൻ). മരുമകൾ ഉമ. പേരക്കുട്ടികൾ അമൃതവർഷിണി, അപ്സര.






