തിരുവനന്തപുരം: ഫിറ്റ്നസ് ടെസ്റ്റിന് സൗകര്യപ്രദമായ ഓഫീസ് തിരഞ്ഞെടുക്കാൻ വാഹന ഉടമകൾക്ക് സർക്കാർ അനുമതി. ടാക്സി, ടിപ്പർ മേഖലയിലെ വിവിധ സംഘടനകളുമായി മന്ത്രി സി.പി ജോൺ നടത്തിയ ചർച്ചയിലാണ് ധാരണ. ഏറെക്കാലമായി വാഹനമേഖലയിൽ നിന്നുയരുന്ന ആവശ്യമാണ് സർക്കാർ അംഗീകരിച്ചത്. സദുദ്ദേശത്തോടെയാണ് സർക്കാർ ഈ ആവശ്യം അംഗീകരിച്ചതെങ്കിലും ഇടനിലക്കാരും മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കൈക്കൂലിക്കുള്ള അവസരമായി ഇത് മാറ്റാനിടയുണ്ട്.
നേരത്തേ പല മന്ത്രിസഭയുടെ കാലത്തും ഈ ആവശ്യം ചർച്ചയിൽ എത്തിയെങ്കിലും ക്രമക്കേടിന് സാധ്യതയുള്ളതിനാൽ തള്ളിക്കളയുകയായിരുന്നു. വാഹനം പരിശോധിക്കാതെ ഫിറ്റ്നസ് നൽകുന്ന ഉദ്യോഗസ്ഥർ മോട്ടോർ വാഹനവകുപ്പിലുണ്ട്. ഇവർ ജോലി ചെയ്യുന്നിടത്തേയ്ക്ക് ഫിറ്റ്നസ് ടെസ്റ്റിന് കൂടുതൽ വാഹനങ്ങൾ എത്തും..അടുത്തിടെ കൊല്ലം ആർ.ടി ഓഫീസിൽ നടന്ന വിജിലൻസ് പരിശോധനയിൽ 512 വാഹനങ്ങളുടെ ഫിറ്റ്നസ് നൽകിയതിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. മറ്റു ഓഫീസുകളിൽ പരിശോധിക്കേണ്ട വാഹനങ്ങളാണ് കൊല്ലത്ത് എത്തിയത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ചില ഇൻസ്പെക്ടർമാർ ഇവയ്ക്ക് ഫിറ്റ്നസ് നൽകി. വടക്കൻ ജില്ലകളിൽ നിന്നുള്ള റൂട്ട് ബസുകൾവരെ കൊല്ലത്ത് ഫിറ്റനസിന് എത്തിയതിൽ ദൂരുഹതയുണ്ട്. ക്രമക്കേട് കാണിച്ച അസി. വെഹിക്കിൾ ഇൻസ്പെക്ടർ സസ്പെൻഷനിലാണ്.
ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ അറ്റകുറ്റപ്പണി തീർത്ത് പെയിന്റ് അടിച്ച് ഫിറ്റ്നസിന് യോഗ്യമാക്കാൻ കുറഞ്ഞത് ഒന്നര ലക്ഷം രൂപയെങ്കിലും വേണ്ടിവരും. കൈക്കൂലി വാങ്ങി ഫിറ്റ്നസ് നൽകുന്ന ഉദ്യോഗസ്ഥർ ഉള്ളപ്പോൾ കാശുമുടക്കി വാഹനം പണിയുന്നതിനെക്കാൾ ലാഭകരം അവർ ജോലി ചെയ്യുന്നിടത്തേയ്ക്ക് എത്തുന്നതാണ്..കർശന പരിശോധനയുള്ള ഓഫീസുകൾ ഒഴിവാക്കാനും ഈ സൗകര്യം ദുരുപയോഗം ചെയ്യാനിടയുണ്ട്. കൈക്കൂലിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥർ വാഹനം കൃത്യമായി പരിശോധിക്കാൻ തയാറാകും. ഇത്തരക്കാരുള്ള ഓഫീസുകൾ ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കും. ചില ജോ. ആർ.ടി.ഒമാർ സൂപ്പർ ചെക്കിങ്ങിന് ഫിറ്റ്‌നസ് ഗ്രൗണ്ടിൽ എത്താറുണ്ട്. ഇതും ഓഫീസ് മാറാൻ പ്രേരിപ്പിക്കുന്നുണ്ട്.






