കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച തകർന്ന ക്ലോക്ക് ടവർ കെട്ടിടത്തിന്റെ മുകൾഭാഗം നീക്കം ചെയ്തു. ഉച്ചയ്ക്ക് മൂന്നാം പ്ലാറ്റ്ഫോമിനു സമീപത്തെ ട്രാക്കിലൂടെയും ട്രെയിനുകൾ കടത്തിവിട്ടു. ഉച്ചയ്ക്ക് 12.20 ന് ബെംഗളൂരു എക്സ്പ്രസാണ് ആദ്യമായി ട്രാക്കിലൂടെ എത്തിയത്. കണ്ണൂർ പാസഞ്ചറും കോഴിക്കോട് സ്റ്റേഷനിൽ നിന്നാണ് ശനിയാഴ്ച സർവീസ് നടത്തിയത്. രണ്ടു ദിവസങ്ങൾക്കുള്ളിൽ കെട്ടിട അവശിഷ്ടങ്ങൾ പൂർണമായും നീക്കി തിങ്കളാഴ്ചയോടെ രണ്ടാം ട്രാക്കും പ്രവർത്തന സജ്ജമാകുമെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.രണ്ട് മൂന്ന് പ്ലാറ്റ്്ഫോമുകൾക്ക് ഇടയിൽ 138 വർഷത്തോളം പഴക്കമുളള ക്ലോക്ക് ടവറിന്റെ ഒരു ഭാഗമാണ് വ്യാഴാഴ്ച തകർന്നുവീണത്.
ഇതോടെ ഒന്ന്, നാല് പ്ലാറ്റ്ഫോമുകളിലൂടെ മാത്രമാണ് കഴിഞ്ഞ ദിവസം ട്രെയിൻ സർവീസുകൾ നടത്താനായത്. ശനിയാഴ്ച രാവിലെയോടെയാണ് ക്ലോക്ക് ടവറിന്റെ മുകൾ ഭാഗം നീക്കാനായത്. പാലക്കാട് ഡിവിഷനിലെ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഘട്ടംഘട്ടമായി തൊഴിലാളികൾ യന്ത്രസഹായത്തോടെ കെട്ടിട ഭാഗങ്ങൾ ഇടിച്ചിട്ട ശേഷം വടം ഉപയോഗിച്ച് ശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചുനീക്കുകയായിരുന്നു.
ബ്രിട്ടിഷ് ഭരണ കാലയളവിൽ കുമ്മായക്കൂട്ട് ഉപയോഗിച്ച് വെട്ടുകല്ലുകൾ ചേർത്തു നിർമിച്ച നിർമാണമായതിനാലാണ് വടം ഉപയോഗിച്ച് 85 അടി ഉയരത്തിലുള്ള ഈ പൈതൃക മന്ദിരം മറിച്ചിടാനുളള ശ്രമം ആദ്യഘട്ടത്തിൽ തടസ്സപ്പെട്ടത്. തുടർന്ന് കെട്ടിടത്തിനു സമീപം പ്രത്യേക കോണി സ്ഥാപിച്ച് തൊഴിലാളികളെ നേരിട്ട് രംഗത്തിറക്കി കല്ലുകൾ ഒന്നൊന്നായി ഇളക്കി കെട്ടിട ഭാഗങ്ങൾ പൊളിക്കുകയായിരുന്നു. ഒന്നാം പ്ലാറ്റ്ഫോമിൽ ട്രെയിനുകൾ എത്തുന്ന ഇടവേളകളിൽ ഭാഗികമായി ജോലി നിർത്തി വച്ചാണ് കെട്ടിടം പൊളിച്ചുനീക്കുന്ന നടപടികൾ പുരോഗമിച്ചത്. പ്ലാറ്റ്ഫോമിൽ മണ്ണുമാന്തി യന്ത്രം എത്തിച്ച ശേഷം ട്രാക്കിലൂടെ എത്തിച്ച മെറ്റീരിയൽ ട്രെയിനിലെ(യൂട്ടിലിറ്റി ട്രാക്ക് വെഹിക്കിൾ) ഫ്ലാറ്റ് വാഗണുകളിലാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത്.
കരാർ കമ്പനിയായ റാങ്ക് പ്രോജക്റ്റ്സ് ആൻഡ് ഡവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്(ആർപിഡിപിഎൽ) നിരുത്തരവാദപരമായ നടപടിയാണ് സ്വീകരിച്ചതെന്നും റെയിൽവേ ഡിആർഎം, ഡിജിഎം എന്നിവർ കൃത്യസമയത്ത് നിർമാണ പ്രവർത്തികളുടെ നിരീക്ഷണം നടത്തിയില്ലെന്നും സ്റ്റേഷനിൽ ശനിയാഴ്ച സന്ദർശനം നടത്തിയ എം.കെ.രാഘവൻ എംപി കുറ്റപ്പെടുത്തി. പൈലിങ് നടത്തുമ്പോൾ നിലവിലെ കെട്ടിടങ്ങളുടെ സ്ഥിരത ഉറപ്പാക്കുന്നതിന് ആരും ഒന്നും ചെയ്തില്ല. ഇതിൽ റെയിൽവേയിലെ മേലുദ്യോഗസ്ഥന്മാരും നിരുത്തരവാദപരമായാണ് പ്രവർത്തിച്ചതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.ക്ലോക്ക് ടവർ തകർച്ച അന്വേഷിക്കാൻ റെയിൽവേ അന്വേഷണ സമിതിയെ നിയോഗിച്ചു. സീനിയർ ഡിവിഷനൽ സേഫ്റ്റി ഓഫിസർ ബെന്നി വർഗീസിന്റെ നേതൃത്വത്തിലുളള സംഘം ഇതിന്റെ ഭാഗമായി റെയിൽവേ ്സ്റ്റേഷനിൽ പരിശോധന തുടങ്ങി.
അതേസമയം, നിർമാണത്തിലെ അപാകതയിൽ കേരളത്തിൽ തന്നെ നടപടി നേരിട്ട കരാർ കമ്പനിയാണ് കോഴിക്കോട് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതെന്ന വിവരം പുറത്തുവന്നു.എറണാകുളം ജംക്‌ഷൻ നവീകരണത്തിൽ വീഴ്ച വരുത്തിയതിനാണ് റാങ്ക് കൺസ്ട്രക്‌ഷൻ കമ്പനിയെ 2025 ഒക്ടോബർ 29 ൽ മാറ്റിയതെന്ന വിവരമാണ് പുറത്തുവന്നത്. 2027 ജൂൺ 30 ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തിയാക്കണമെന്നാണ് കരാർ. എന്നാൽ ഇതുവരെ ഈ ജോലിയുടെ 15 ശതമാനം പോലും പൂർത്തിയായില്ലെന്നും ആക്ഷേപമുണ്ട്.






