വയനാട്: കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയുടെ മൃതദേഹമാണ് ഏറ്റവും ഒടുവിലായി രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇതോടെ കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം എട്ടായി ഉയർന്നു.രണ്ടാം സോണും പുഴയും കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ തിരച്ചിലിലാണ് വിക്രം റാണയുടെ മൃതദേഹം ലഭിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളും കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ടത്.
രാഹുൽ ശർമ്മ (സൈറ്റ് എൻജിനീയർ), മുഹമ്മദ് ഇമ്രാൻ (എക്സ്കവേറ്റർ ഓപ്പറേറ്റർ), അസ്ഹറുദ്ദീൻ അൻസാരി (സർവേയർ), അൻമോൾ ദൊദ്രായി, വികാസ് കുമാർ സിംഗ്, ചന്ദ്രഭാൻ പാൽ, രാകേഷ് ഗുചൈത്, വിക്രം റാണ എന്നിവരാണ് മരണപ്പെട്ടത്. ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനും കരാർ വ്യവസ്ഥകളും പരിസ്ഥിതി അനുമതികളും പരിശോധിക്കാനും സർക്കാർ ഭൗമശാസ്ത്രജ്ഞൻ ഡോ. സി. പി. രാജേന്ദ്രന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും.






