spot_img
Tuesday, July 14, 2026

ഇന്റർനെറ്റ് വന്നു, ഇനി പിഴ വരും: കുടിശിക തീർത്തതോടെ റോഡിലെ ക്യാമറകൾ വീണ്ടും സജീവമായി; ആദ്യമെത്തുക കെട്ടിക്കിടക്കുന്ന ദൃശ്യങ്ങൾ.



കൊച്ചി: “ഇന്റർനെറ്റ് ഇല്ലല്ലോ, ക്യാമറകൾക്ക് വിശ്രമമായിരിക്കും” എന്ന് കരുതി റോഡിൽ നിയമം ലംഘിച്ചവർക്ക് ഇനി നെഞ്ചിടിപ്പിന്റെ നാളുകൾ. കുടിശിക കാരണം കണക്ഷൻ കട്ടായതോടെ ദൃശ്യങ്ങൾ അയക്കുന്നത് നിർത്തിവെച്ചിരുന്ന എഐ ക്യാമറകൾ വീണ്ടും സജീവമായി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി റോഡിൽ ക്യാമറകൾ ഒപ്പിയെടുത്ത നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ ഇന്നലെ മുതൽ കാക്കനാട് കലക്ടറേറ്റിലെ ആർടിഒ കൺട്രോൾ റൂമിലേക്ക് പ്രവഹിച്ചു തുടങ്ങി. ജില്ലയിലെ റോഡുകളിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിരുന്ന ക്യാമറകളിൽ നിന്ന് കഴിഞ്ഞ 29 മുതൽ റോഡിലെ ദൃശ്യങ്ങളൊന്നും കൺട്രോൾ റൂമിൽ ലഭിച്ചിരുന്നില്ല. ക്യാമറകളുടെ ചുമതലക്കാരായ കെൽട്രോൺ കുടിശിക നൽകാത്തതിനാൽ ജിയോ കമ്പനി ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചതാണ് കാരണം. സർക്കാരാണ് കെൽട്രോണിനു പണം നൽകേണ്ടിയിരുന്നത്.ഇതു ലഭിച്ചില്ലെങ്കിലും കെൽട്രോൺ തന്നെ ഫണ്ട് കണ്ടെത്തി കുടിശിക അടയ്ക്കുകയായിരുന്നു.

രണ്ടാഴ്ചയായി കെട്ടിക്കിടന്നിരുന്ന നിയമ ലംഘന ദൃശ്യങ്ങളാണ് ഇപ്പോൾ കൺട്രോൾ റൂമിൽ ലഭിക്കുന്നത്. ഇന്റർനെറ്റ് വിഛേദിച്ചതോടെ ദൃശ്യങ്ങൾ അയയ്ക്കുന്നത് നിർത്തിയെങ്കിലും ദൃശ്യങ്ങൾ പകർത്തുന്ന ജോലി ക്യാമറ നിർവഹിക്കുന്നുണ്ടായിരുന്നു. ജില്ലയിലെ വിവിധ റോഡുകളിലായി 63 ക്യാമറകളാണ് മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിരുന്നത്. ഇതിൽ 11 ക്യാമറകൾ പല സമയങ്ങളിലായി തകരാറിലാണ്. ശേഷിക്കുന്ന 52 ക്യാമറകളാണ് റോഡിലെ ഗതാഗത നിയമ ലംഘനം പകർത്തി കൺട്രോൾ റൂമിലേക്ക് അയയ്ക്കുന്നത്.

ഇരുപതിനായിരത്തോളം നിയമ ലംഘന ദൃശ്യങ്ങൾ രണ്ടാഴ്ച കൊണ്ട് ക്യാമറകൾ ശേഖരിച്ചു വച്ചിരുന്നു. ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതോടെ ഇവയാണ് ക്യാമറകളിൽ നിന്ന് ആദ്യം ലഭിക്കുന്നത്. മാസം തോറും 35,000–40,000 നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ക്യാമറകൾ വഴി ലഭിച്ച നിയമ ലംഘനങ്ങളുടെ പേരിൽ വാഹനങ്ങൾക്ക് 80.50 കോടി രൂപ ഇതുവരെ പിഴ ചുമത്തിയിട്ടുണ്ട്. ഇതിൽ 30 കോടിയോളം രൂപ പിരിഞ്ഞു കിട്ടുകയും ചെയ്തു. കെൽട്രോണിന്റെ 10 ജീവനക്കാരാണ് കൺട്രോൾ റൂമിൽ ജോലി ചെയ്യുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles