വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാടുമായി കേരള ഹൈക്കോടതി രംഗത്ത്. അത്യാഹിത വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങളിൽ മാത്രം ഉപയോഗിക്കാൻ അനുമതിയുള്ള സ്‌ട്രോബ് ലൈറ്റുകൾ (Strobe lights) മറ്റ് സാധാരണ വാഹനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നതിനെതിരെ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളി കൃഷ്ണ എസ്. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സ്വമേധയാ (Suo Motu) കേസ് എടുക്കുകയായിരുന്നു. വ്ലോഗർമാർ ഉൾപ്പെടെയുള്ളവർ ഇത്തരം അനധികൃത ലൈറ്റുകളും വലിയ ടയറുകളും ഘടിപ്പിച്ച വാഹനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടും അധികൃതർ നടപടിയെടുക്കാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചു.സൈലൻസറിലൂടെ തീ തുപ്പുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ കാറിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച കോടതി, ഇത്തരം നിയമലംഘനങ്ങൾ റോഡിലെ മറ്റ് യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് ഓർമ്മിപ്പിച്ചു.
അടുത്തിടെ 4-5 പേരുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ അപകടങ്ങൾ ചൂണ്ടിക്കാണിച്ച കോടതി, അപകടകാരണങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും ഇൻഷുറൻസ് തുക നൽകുന്നതുകൊണ്ട് മാത്രം തീരുന്നതല്ല ഇതെന്നും വ്യക്തമാക്കി. വിഷയത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ സംസ്ഥാന ഗതാഗത കമ്മീഷണറോടും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോടും നിർദേശിച്ച ഹൈക്കോടതി, ഇത്തരം വാഹനങ്ങൾക്കെതിരെ കർശനമായ അന്വേഷണവും തുടർനടപടികളും സ്വീകരിക്കാൻ സർക്കാരിന് ഉത്തരവ് നൽകി.






