കോഴിക്കോട് : 2026 ഫിഫ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ സമാപിച്ചതിന്പിന്നാലെ വിജയാഘോഷങ്ങളുടെ മറവിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കോഴിക്കോട് സിറ്റി പോലീസ്. ആഘോഷങ്ങളുടെ പേരിൽ ഹെൽമറ്റ് ധരിക്കാതെയും മദ്യപിച്ചും അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുന്നതും പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നതും ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി.നിയമലംഘനങ്ങൾ തടയുന്നതിനായി കേരള പോലീസ് ആക്ട് സെക്ഷൻ 61 പ്രകാരം സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി ഐ.പി.എസ് നോട്ടീസ് പുറപ്പെടുവിച്ചു. ഹെൽമറ്റ്ഇല്ലാതെയുള്ള യാത്ര, ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, മദ്യപിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗം, വാഹനങ്ങളിൽ കൂടുതൽ ആളുകളെ കയറ്റിയുള്ള യാത്ര, അമിത ശബ്ദത്തിൽ ഹോൺ മുഴക്കൽതുടങ്ങിയവയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും.
ഇത്തരം നിയമലംഘനങ്ങൾ ഗുരുതരമായ അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകാൻസാധ്യതയുള്ളതിനാൽ പൊതുസുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട വാഹനങ്ങൾ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കും. നിയമം കൈയ്യിലെടുക്കുന്നവർക്കെതിരെയും അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെയും കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു.






