spot_img
Sunday, September 13, 2026

സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവ് ബേബി ജോൺ അന്തരിച്ചു.



തൃശൂർ: സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവ് ബേബി ജോൺ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു.സിപിഐഎം തൃശൂ‍ർ ജില്ലാ സെക്രട്ടറി, സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയലിലേക്ക് ജനവിധി തേടിയിരുന്നു. 1960കളുടെ അവസാനത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്ത് പ്രവർത്തിച്ച് തുടങ്ങിയ ബേബി ജോൺ 1971ലാണ് സിപിഐഎമ്മിൻ്റെ അം​ഗമാകുന്നത്. സിപിഐഎമ്മിൻ്റെ പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചാണ് തൃശൂർ ജില്ലയിലെ സിപിഐഎം നേതൃത്വത്തിലേയ്ക്ക് ബേബി ജോൺ ഉയരുന്നത്. 1984മുതൽ 97വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായിയ ബേബി ജോൺ 1986ൽ ജില്ലാ കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1997മുതൽ ജില്ലാ സെക്രട്ടറിയറ്റംഗവുമായി. 2006ലാണ് സിപിഐഎമ്മിൻ്റെ തൃശൂർ ജില്ലാ സെക്രട്ടറിയാകുന്നത്.വിദ്യാർത്ഥി കാലത്ത് കെഎസ്എഫിൻ്റെ ചാവക്കാട് താലൂക്ക് പ്രസിഡൻ്റായിട്ടായിരുന്നു സംഘടനാ പ്രവർത്തനത്തിൻ്റെ തുടക്കം. സിഐടിയു നേതാവായിരുന്ന ബേബി ജോൺ നിരവധി അനുബന്ധ തൊഴിലാളി യൂണികളുടെ സംസ്ഥാന നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി യൂണിയന്റെ ജില്ലാ സെക്രട്ടറി, സംസ്ഥാന ഫെഡറേഷൻ ഭാരവാഹി, ചാവക്കാട് മേഖലാ ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്, യൂണിയന്റെ സ്റ്റേറ്റ് ഫെഡറേഷൻ വൈസ് പ്രസിഡന്റ്, തൃശൂർ ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്, സംസ്ഥാന ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ച നേതാവാണ് ബേബി ജോൺ.അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ വന്ന 1975ലെ സ്വാതന്ത്ര്യദിനത്തിൽ കരിങ്കൊടി കെട്ടാൻ ശ്രമിച്ചതിൻ്റെ പേരിൽ ക്രൂരമായ പൊലീസ് മർദ്ദനത്തിന് ഇരയായ ബേബി ജോൺ രണ്ടരമാസമാണ് ജയിൽവാസം അനുഭവിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് ഡിഫൻസ് ആൻഡ് ഇന്റേണൽ സെക്യൂരിറ്റി ഓഫ് ഇന്ത്യ റൂൾസ് പ്രകാരം രണ്ടുതവണയാണ് ബേബി ജോൺ അറസ്റ്റിലായത്.‌‌ 1971ൽ അധ്യാപക വൃത്തിയിൽ പ്രവേശിച്ച ബോബി ജോണിനെ പൊലീസ് നടപടികളെത്തുടർന്ന് ഒന്നരകൊല്ലം സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.കെഎസ്ടിഎ നേതാവായിരുന്ന ബേബി ജോൺ 1991ൽ സർവീസിൽനിന്നും സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. ചാവക്കാട് നഗരസഭ നിലവിൽ വന്നപ്പോൾ കൗൺസിലറും ആദ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി പ്രവർത്തിച്ചു. 88ൽ വീണ്ടും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മണലൂർ തൈക്കാട് ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനായി 1952ലായിരുന്നു ജനനം. ഷീലയാണ് ഭാര്യ മാനവൻ, ഹിമവാൻ, അംഗന എന്നിവരാണ് മക്കൾ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles