ദുരന്തനിവാരണത്തിൽ വൻ വിജയമായിരിക്കുകയാണ് ജനങ്ങളുടെ സുരക്ഷയ്ക്കായി സർക്കാർ അവതരിപ്പിച്ച പുതിയ മുന്നറിയിപ്പ് സംവിധാനം. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുടനീളം പെരുമഴയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ അധികൃതർ നൽകുന്നുണ്ടായിരുന്നു. എവിടെയെല്ലാം റെഡ് അലർട്ടുണ്ട്, എപ്പോൾ ശക്തമായ കാറ്റോടുകൂടിയുള്ള മഴ പെയ്യും തുടങ്ങി ബാധിക്കപ്പെട്ട ജില്ലകളിലെ മുഴുവൻ നിവാസികളിലേക്കും മുന്നറിയിപ്പ് സന്ദേശങ്ങൾ എത്തി. എസ്.എം.എസ്. ആയും വലിയ ശബ്‌ദത്തോടുകൂടിയുള്ള അറിയിപ്പായുമെല്ലാം ഈ ദുരന്ത മുന്നറിയിപ്പ് സന്ദേശമെത്തി. എങ്ങനെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്? ദുരന്തനിവാരണത്തിൽ ഇതിന്റെ പ്രയോജനം എന്തൊക്കെയാണ്?ഇന്ത്യയിൽ അടിയന്തര സാഹചര്യങ്ങളിലും പ്രകൃതിദുരന്തങ്ങളിലും ജനങ്ങൾക്ക് തത്സമയം മുന്നറിയിപ്പ് നൽകുന്നതിനായി കേന്ദ്ര സർക്കാർ വികസിപ്പിച്ചെടുത്ത ഒരു സംയോജിത സുരക്ഷാ അലേർട്ട് സംവിധാനമാണ് സാചേത് (SACHET).
‘ജാഗ്രത’ എന്നാണ് ഈ പേരിനർത്ഥം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ടെലികമ്മ്യൂണിക്കേഷൻ വകുപ്പും (DoT) സംയുക്തമായാണ് ഈ സംവിധാനം രൂപീകരിച്ചത്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ പ്രമുഖ ഗവേഷണ വികസന സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്മെന്റ്റ് ഓഫ് ടെലിമാറ്റിക്സ് (C-DOT) ആണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചത്. 2023 മാർച്ച് 11-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ‘നാഷണൽ ഡിസാസ്റ്റർ അലേർട്ട് പോർട്ടലും’ സാചേത് മൊബൈൽ ആപ്ലിക്കേഷനും രാജ്യത്തിന് സമർപ്പിച്ചത്.പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ എല്ലാവരിലേക്കും ജീവൻരക്ഷാ മുന്നറിയിപ്പുകൾ എത്തിക്കുക എന്നതാണ് സാചേതിന്റെ പ്രധാന ലക്ഷ്യം.
ചുഴലിക്കാറ്റ്, പ്രളയം, ഉരുൾപൊട്ടൽ, ഭൂകമ്പം, കാട്ടുതീ, ഇടിമിന്നൽ, സുനാമി തുടങ്ങിയ വിവിധ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള സുരക്ഷാ അലേർട്ടുകൾ സാചേത് വഴി ജനങ്ങളിലേക്ക് എത്തിക്കുന്നു.ഇത് കൂടാതെ വാതകച്ചോർച്ചയോ രാസവസ്തുക്കൾ മൂലമുള്ള അപകടങ്ങളോ പോലുള്ള മനുഷ്യനിർമിത അടിയന്തര സാഹചര്യങ്ങളിലും ജനങ്ങൾക്ക് ഈ സംവിധാനം വഴി തത്സമയം സുരക്ഷാ നിർദേശങ്ങൾ ലഭ്യമാക്കുന്നുണ്ട്.ഇന്ത്യയിലെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവിൽ ഈ സേവനം പൂർണ്ണമായി ലഭ്യമാക്കിയിട്ടുണ്ട്.ദുരന്ത ബാധിത പ്രദേശങ്ങളിൽ കൃത്യമായ വിവരങ്ങൾ തത്സമയം എത്തിച്ച് ആളുകളെ മുൻകൂട്ടി തയ്യാറാകാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ഈ അലേർട്ടുകൾ സഹായിക്കുന്നു.






