കോഴിക്കോട് : സാങ്കേതിക തകരാറും സർവീസ് പ്രശ്നങ്ങളും കാരണം കൊച്ചിയിലും കോഴിക്കോട്ടും വിമാന സർവീസുകൾ റദ്ദാക്കി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ്‌ജെറ്റ് വിമാനവും കൊച്ചിയിൽ നിന്ന് ദോഹയിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനവുമാണ് റദ്ദാക്കിയത്. വിവരം വൈകിയാണ് അറിയിച്ചതെന്നാരോപിച്ച് ഇരുവിടങ്ങളിലും യാത്രക്കാർ പ്രതിഷേധിച്ചു.ഇന്നലെ വൈകിട്ട് 6.40നുള്ള സ്പൈസ്‌ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാർ വിവരമറിഞ്ഞത് വിമാനത്താവളത്തിലെത്തിയശേഷം മാത്രമാണ്. വാക്കുതർക്കത്തിനു പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായതായാണ് വിവരം. ഇക്കഴിഞ്ഞ തിങ്കളാഴ്ചയും ഇതേ വിമാനം റദ്ദാക്കിയിരുന്നു.
അന്നത്തെ യാത്രക്കാരെ കൊണ്ടുപോകുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുമുണ്ടായില്ല. ടിക്കറ്റ് റീഫണ്ട് ചെയ്തു നൽകുമെന്നാണ് പിന്നീട് അറിയിച്ചിരുന്നത്. എന്നിട്ടും ഇന്നലെ വൈകിട്ടത്തെ വിമാനത്തിനായി മുഴുവൻ യാത്രക്കാരും വിമാനത്താവളത്തിലെത്തിയ ശേഷമാണ് റദ്ദാക്കിയ വിവരം അറിയിച്ചതെന്നാണ് പരാതി. സർവീസ് പ്രശ്നങ്ങൾ മുൻകൂട്ടി അറിയാമായിരുന്നിട്ടും യാത്രക്കാരെ സ്പൈസജെറ്റ് അധികൃതർ പ്രയാസപ്പെടുത്തിയെന്നാണ് ആക്ഷേപം.കൊച്ചിയിൽ നിന്നു പുലർച്ചെ ദോഹയിലേക്കുള്ള പോകേണ്ടിയിരുന്ന ഖത്തർ എയർവേയ്സ് വിമാനവും സാങ്കേതികത്തകരാറിനെ തുടർന്നു റദ്ദാക്കി.
ഇന്നലെ പുലർച്ചെ 4.15 ന് കൊച്ചിയിൽ നിന്നു പുറപ്പെടേണ്ട വിമാനമാണിത്. 290 യാത്രക്കാരാണ് ഈ വിമാനത്തിൽ പോകാനുണ്ടായിരുന്നത്. ദോഹയിൽനിന്നെത്തിയ വിമാനം കൊച്ചിയിൽനിന്നു യാത്രക്കാരുമായി മടങ്ങും മുൻപ് എൻജിനീയറിങ് വിഭാഗം നടത്തിയ പതിവു പരിശോധനയിലാണു വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ കണ്ടെത്തിയത്. തുടർന്ന് വിമാനത്തിന്റെ യാത്ര റദ്ദാക്കി. ഇതിനിടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. പിന്നീട് ഇവരെ ഹോട്ടലുകളിലേക്ക് മാറ്റി. തകരാർ പരിഹരിച്ച ശേഷം വിമാനം ദോഹയിലേക്ക് സർവീസ് നടത്തുമെന്നാണ് അറിയിച്ചത്.






