താമരശ്ശേരി: ആറു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ബാല്യകാല സ്മരണകൾ പുതുക്കി താമരശ്ശേരി ഗവൺമെന്റ് ഹൈസ്കൂളിലെ 1967-1971 എസ്.എസ്.എൽ.സി. ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നു. ‘സഹപാഠിക്കൂട്ടം 67-71’ കൂട്ടായ്മയുടെ നേതൃത്വത്തിൽ താമരശ്ശേരി ഹോട്ടൽ വയനാട് റീജൻസിയിൽ സംഘടിപ്പിച്ച “ഓണം ഫെസ്റ്റ് 2026” അത്യന്തം വികാരനിർഭരവും ആവേശകരവുമായ അപൂർവ്വ സംഗമത്തിന് സാക്ഷ്യം വഹിച്ചു.നൂറ്റമ്പതോളം സഹപാഠികൾ പങ്കെടുത്ത ചടങ്ങിൽ പ്രായാധിക്യം മറന്ന് എല്ലാവരും ആഹ്ലാദത്തോടെ ഓണാഘോഷത്തിൽ പങ്കാളികളായി. കൂട്ടായ്മയിലെ അംഗങ്ങൾ അവതരിപ്പിച്ച ഓണപ്പൂക്കളം, തിരുവാതിരക്കളി, ഓണനൃത്തം, മാജിക് ഷോ, ശ്രുതിമധുരം ഗാനമേള തുടങ്ങിയ വിവിധ കലാപരിപാടികൾ പരിപാടിക്ക് ഉത്സവപ്രതീതി പകർന്നു.വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ സഹപാഠികൾക്ക് ഈ ഒത്തുചേരൽ പഴയകാല ഓർമ്മകൾ പങ്കുവെക്കാനും മായാത്ത അനുഭവങ്ങൾ സമ്മാനിക്കാനും വേദിയായി.
ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയം കൈവരിച്ച അംഗങ്ങളുടെ കൊച്ചുമക്കളെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.കൂട്ടായ്മ പ്രസിഡന്റ് ഉദരൻ വെളിമണ്ണ, ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, ട്രഷറർ സി. അശോകൻ, രക്ഷാധികാരികളായ കെ.കെ. രഘു, അഹമ്മദ് കുട്ടി ഉണ്ണികുളം, സി.ടി. ഭരതൻ മാസ്റ്റർ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജൻ രാജഗിരി, ചന്ദ്രൻ ഹിൽവ്യൂ, എ.പി. മൂസ, രാഘവൻ കെ.സി, എൻ.പി. മുഹമ്മദ്, അബൂട്ടി അറ്റ്ലസ്, എ.കെ. ദേവി, സത്യഭാമ, പി.പി. ശാന്ത, രമണി, ചന്ദ്രിക എന്നിവരും സംഗമത്തിന് നേതൃത്വം നൽകി.






