ആലപ്പുഴ :പുന്നമടയില്‍ ഇന്ന് തീപാറും പോരാട്ടം. 72-ാമത് നെഹ്‌റു ട്രോഫി ജലമേള മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. 22 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങള്‍ മാറ്റുരയ്ക്കുന്ന വള്ളംകളിക്കു സാക്ഷ്യം വഹിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി എത്തും.ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധിയാണ്. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. രാവിലെ ഒന്‍പത് മണി മുതല്‍ ആലപ്പുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഉണ്ടാകും. ജില്ലാ കോടതിപ്പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ 22ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറുമണിവരെ കെ എസ് ആര്‍ ടി സി ബസുകള്‍ ആലപ്പുഴ സ്റ്റാന്‍ഡിലേക്ക് കടത്തിവിടില്ല. ജില്ലയിലെ എല്ലാ കെ എസ് ഇ ബി ഓഫീസുകള്‍ക്കും അവധിയായിരിക്കും. ക്യാഷ് കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നതല്ല.ആലപ്പുഴ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ എത്തുന്നവര്‍ അവരുടെ വാഹനങ്ങള്‍ റിക്രിയേഷന്‍ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പോലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാര്‍ക്ക് ചെയ്യണം. ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളില്‍ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെ എസ് ആര്‍ ടി സി ഫീഡര്‍ ബസ് സര്‍വീസ് നടത്തും.എറണാകുളം ഭാഗത്തുനിന്ന് വരുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനില്‍നിന്ന് കിഴക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തി ആളുകളെ ഇറക്കിയ ശേഷം വൈ എം സി എ ജംഗ്ഷന്‍, ജനറല്‍ ആശുപത്രി ജംഗ്ഷന്‍ വഴി തെക്കു ഭാഗത്തേക്ക് പോകണം. കൊല്ലം ഭാഗത്തുനിന്ന് വരുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്‍, വൈ എം സി എ ജംഗ്ഷന്‍ വഴി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തി ആളുകളെ ഇറക്കിയ ശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷന്‍ വഴി എറണാകുളം ഭാഗത്തേക്ക് പോകണം.ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിലൂടെ വരുന്ന കെ എസ് ആര്‍ ടി സി ബസുകളില്‍ ആലപ്പുഴ സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിക്കേണ്ട. കൈതവന ജംഗ്ഷനില്‍നിന്ന് പഴവീട്, കൊട്ടാരം ജംഗ്ഷനിലെത്തി ആളുകളെയിറക്കിയ ശേഷം ജനറല്‍ ആശുപത്രി തെക്കേ ജംഗ്ഷന്‍, ചങ്ങനാശ്ശേരി ജംഗ്ഷന്‍ വഴി തിരികെ പോകണം.






