തിരുവനന്തപുരം : ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ ഉത്തരവായി. വിദ്യാർഥികൾ നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷാ തീയതിയിൽ മാറ്റം വരുത്തിയത്.നേരത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയ്‌ക്കൊപ്പം മാർച്ച് മാസത്തിലാണ് നടത്തിയിരുന്നത്. ഇത് വിദ്യാർഥികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ നിർദേശം നൽകുകയായിരുന്നു.മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ടൈംടേബിൾ അടുത്ത ദിവസം തന്നെ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ അറിയിച്ചു.






