മലപ്പുറം: ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കി ഗതാഗത കമ്മീഷണര്‍. സുരക്ഷാ വീഴ്ച മൂലമാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിരസിച്ചതെന്നാണ് മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വാഹനത്തിലെ അനധികൃത മാറ്റങ്ങള്‍ നീക്കാന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.2025 നവംബറിന് ശേഷം ഓട്ടോ സിഎഫ് ടെസ്റ്റിനായി എത്തിച്ചിട്ടില്ലെന്ന് ഗതാഗത കമ്മീഷണറുടെ റിപ്പോര്‍ട്ട് പറയുന്നു. 2025 നവംബര്‍ 11ലെ പരിശോധനയ്ക്ക് ശേഷം മാറ്റങ്ങള്‍ വരുത്തി വീണ്ടും ഫിറ്റ്‌നസ് ടെസ്റ്റിനായി ആര്‍ടി ഓഫീസില്‍ എത്തിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കും ഏജന്റുമാര്‍ക്കും എതിരെയുള്ള ആരോപണത്തില്‍ വകുപ്പുതല അന്വേഷണം തുടരുകയാണ്. വീഡിയോയിലുള്ള എഎംവിഐ പ്രേംകുമാറിനെ 2026 മാര്‍ച്ച് 16ന് രാമനാട്ടുകര സബ് ആര്‍ടിഒയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സംഭവത്തില്‍ പൊലീസും സമാന്തര അന്വേഷണം നടത്തുന്നുണ്ടെന്നും മുമ്പ് ആര്‍ടി ഓഫീസിലടക്കം ഷൗക്കത്ത് മറ്റ് പരാതികള്‍ ഒന്നും നല്‍കിയിരുന്നില്ലെന്നും ഗതാഗത കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.മലപ്പുറം കീഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്താണ് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ജീവനൊടുക്കിയത്. ഓട്ടോയുടെ ഫിറ്റ്‌നസിനായി ഏജന്റ് വഴിയല്ലാതെ നേരിട്ട് എംവിഡിയെ ബന്ധപ്പെട്ടപ്പോള്‍ നിരന്തരം ഫിറ്റ്‌നസ് നിഷേധിച്ചെന്നായിരുന്നു ആരോപണം. തന്റെ മരണത്തിന് ഉത്തരവാദി മോട്ടോര്‍ വാഹന വകുപ്പ് ആണെന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചായിരുന്നു ഷൗക്കത്ത് ജീവനൊടുക്കിയത്.
കൈക്കൂലി കൊടുത്തില്ലെന്ന ഏക കാരണം കൊണ്ട് അവര്‍ ജീവിത മാര്‍ഗം തന്നെ തകര്‍ത്തു എന്നാണ് ആരോപണം. കഴിഞ്ഞ പത്ത് മാസമായി താന്‍ ഏജന്റ് ഓഫീസുകള്‍ കയറിയിറങ്ങിയെന്നും ഓട്ടോ ഡ്രൈവറുടെ കുറിപ്പില്‍ പറയുന്നുണ്ട്. ഇനി തന്റെ മുന്‍പില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും അടുത്ത ഇര നിങ്ങളാവരുത് എന്നാണെങ്കില്‍ മരണത്തിന് ശേഷമെങ്കിലും തനിക്ക് നീതി വാങ്ങി തരിക എന്നതാണ് ഒരു ഇന്ത്യന്‍ സിറ്റിസണ്‍ എന്ന നിലയില്‍ നിങ്ങള്‍ ഓരോരുത്തരും ചെയ്യേണ്ടതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. സിസ്റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് ജീവനൊടുക്കാനുള്ള തീരുമാനമെന്നും ഇയാള്‍ പറഞ്ഞു. ഓട്ടോയില്‍ സ്റ്റീല്‍ വര്‍ക്ക് ഉണ്ടെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് എംവിഡി ഫിറ്റ്നസ് നിഷേധിച്ചത്. ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തില്‍ ഇടപെടണമെന്നാണ് അവസാന ആഗ്രഹമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. സംഭവത്തില്‍ എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.






