spot_img
Friday, August 28, 2026

ചരിത്രത്തിൽ ആദ്യം! സഭയില്‍ മുഖ്യമന്ത്രിയുടെ കസേര വിട്ട് മന്ത്രിമാര്‍ക്കിടയിലിരുന്ന് ജോസഫ് വിജയ്



ചെന്നൈ: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ സീറ്റില്‍ നിന്ന് മാറി മന്ത്രിമാര്‍ക്കൊപ്പം ഇരുന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. വ്യാഴാഴ്ചയാണ് നിയമസഭയില്‍ അത്യപൂര്‍വമായ സംഭവമുണ്ടായത്. മന്ത്രിമാര്‍ക്കൊപ്പം ആദ്യ നിരയില്‍ നിലയുറപ്പിച്ച വിജയ് പരമ്പരാഗത രീതികളെ മറികടക്കുകയായിരുന്നു. സാധാരണയായി, സ്പീക്കറുടെ ഇരിപ്പിടത്തിന് തൊട്ടടുത്ത് മുഖ്യമന്ത്രിക്ക് പ്രത്യേകവും വിശാലവുമായ ഒരു ഇരിപ്പിടമാണുള്ളത്. മന്ത്രിമാര്‍ അദ്ദേഹത്തിന് തൊട്ടടുത്ത്, മുന്‍നിരയില്‍ തങ്ങളുടെ പദവികളുടെ മുൻഗണന അനുസരിച്ച് പ്രത്യേകം ഇരിക്കുന്നതാണ് രീതി.234 അംഗങ്ങളുള്ള സഭയിലെ അംഗബലം അനുസരിച്ച് പ്രതിപക്ഷ നേതാവും വിവിധ നിയമസഭാ കക്ഷി നേതാക്കളും എതിര്‍വശത്തെ നിരയില്‍ ഇരിക്കുന്നു. ഇവരുടെ പിന്നിലായി അതത് പാര്‍ട്ടിയിലെ അംഗങ്ങളും ഇരിക്കുന്നു. ഉച്ചയ്ക്കുശേഷമുള്ള സമ്മേളനത്തിനിടെ, സ്പീക്കര്‍ ജെസിഡി പ്രഭാകറിന്റെ വലതുവശത്തുള്ള തന്റെ ഇരിപ്പിടത്തില്‍ നിന്ന് വിജയ് അനായാസം എഴുന്നേറ്റ്, മന്ത്രിമാരായ കെ എ സെങ്കട്ടയ്യന്‍, ആധവ് അര്‍ജുന എന്നിവര്‍ക്കിടയിലായി ചെന്നിരിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി സഭയില്‍ മന്ത്രിമാര്‍ക്കൊപ്പം ഇരിക്കുന്നത് എന്നാണ് വിവരം.

സാധാരണഗതിയില്‍, മന്ത്രിമാരോ ജനപ്രതിനിധികളോ സഹപ്രവര്‍ത്തകരുമായി സംസാരിക്കാനായി തങ്ങളുടെ ഇരിപ്പിടങ്ങളില്‍ നിന്ന് അല്പനേരത്തേക്ക് മാറി ഇരിക്കാറുണ്ട്. എന്നാല്‍, സഹപ്രവര്‍ത്തകരുമായി സംസാരിക്കാനായി ഒരു മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഇരിപ്പിടത്തില്‍ നിന്ന് മാറി ഇരിക്കുന്നത് ഒരുപക്ഷേ ഇതാദ്യമായാകാം എന്നാണ് നിയമസഭാ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.അതേസമയം സഭയില്‍ അംഗങ്ങള്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉന്നയിക്കുമ്പോള്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോട് സഭയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ‘മുന്‍ ഡിഎംകെ ഭരണകാലത്ത് കരൂര്‍ സംഭവത്തെക്കുറിച്ച് അന്നത്തെ മുഖ്യമന്ത്രി സംസാരിച്ച കാര്യം സ്പീക്കര്‍ സൂചിപ്പിക്കുകയുണ്ടായി. അന്ന് ഞങ്ങളുടെ നേതാവും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും സഭയിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയും വകുപ്പ് സെക്രട്ടറിമാരും സഭയിലില്ല,’ ഉദയനിധി പറഞ്ഞു. ഇതിന് മറുപടിയായി, സെക്രട്ടറിമാര്‍ തൊട്ടടുത്തുള്ള ‘വാര്‍ റൂമില്‍’ ഉണ്ടെന്നും അംഗങ്ങളുടെ പ്രസംഗങ്ങള്‍ കുറിച്ച് എടുക്കുന്നുണ്ടെന്നും ആദവ് അര്‍ജുന പറഞ്ഞു. ഉദയനിധിയുടെ അഭിപ്രായം ശരിവെച്ച സ്പീക്കര്‍, നിയമസഭാ സമ്മേളന സമയത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സഭയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് അറിയിച്ചു. നേരത്തെ ചില സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുത്ത ശേഷമായിരുന്നു മുഖ്യമന്ത്രി സഭയിലെത്തിയത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles