spot_img
Sunday, August 30, 2026

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 584 ആയി; 13 ജലവൈദ്യുത പദ്ധതികളിലെ 679 തൊഴിലാളികളെ കാണാതായി



കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും 584 പേർ മരിച്ചതായി സ്ഥിരീകരണം. നേപ്പാളിലും ചൈനയുടെ ടിബറ്റ് മേഖലയിലുമായി 2,400ലധികം പേരെ കാണാതായതാണ് റിപ്പോർട്ട്. 13 ജലവൈദ്യുത പദ്ധതികളിലായി 679 തൊഴിലാളികളെ കാണാതായി. റസുവ, നുവാകോട്ട് മേഖലയിലുണ്ടായ ദുരന്തത്തിലാണ് ഇവരെ കാണാതായത്. അപ്പർ ത്രീശൂലി-1 പദ്ധതിയിലാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. അപകടം നടക്കുമ്പോൾ ഏകദേശം 1,350 പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇതിൽ 576 പേരെയാണ് കാണാതായിരിക്കുന്നത്. പ്രൊജക്റ്റുകളിൽ ഹെലികോപ്റ്റർ ഇറാക്കാനുള്ള സൗകര്യമില്ലാത്തതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്.ഇതിനിടെ നേപ്പാളിലെ റാസുവ ജില്ലയിൽ തടാകം കരകവിഞ്ഞൊഴുകാൻ തുടങ്ങിയതായി വെള്ളിയാഴ്ച വിവരം ലഭിച്ചതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദിയിലെ ജലനിരപ്പ് ഉയരുന്നതായി നമുക്ക് കാണാനാകുന്നുണ്ട് എന്നാണ് റാസുവ ജില്ലയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ നരേന്ദ്ര പരിയാറിനെ ഉദ്ധരിച്ച് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ജലനിരപ്പ് എത്രത്തോളം ഉയർന്നിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ലെന്നാണ് അദ്ദേ​ഹം വ്യക്തമാക്കുന്നത്. ഈ തടാകം എത്ര വലുതാണ്, ജലനിരപ്പ് എത്രത്തോളം ഉയർന്നിട്ടുണ്ട് എന്നൊന്നും ഞങ്ങൾക്ക് അറിയില്ല. എന്നാൽ നദിയിലെ ജലനിരപ്പ് ഉയരുന്നതായി കാണാം എന്നാണ് ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.എന്നാൽ ദുരന്തത്തെ തുടർന്ന് രണ്ട് പുതിയ തടാകങ്ങൾ രൂപപ്പെട്ടതായാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഒന്ന് ഹിമാനിക്ക് സമീപം ഉയർന്ന പ്രദേശത്താണ് രൂപപ്പെട്ടതെന്നാണ് ഇവർ പറയുന്നത്. ഹിമാനിയിൽ നിന്ന് ഉരുകിയെത്തുന്ന വെള്ളം ഇവിടെ സ്വാഭാവികമായി ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. രണ്ടാമത്തേതും വലുതും കൂടുതൽ അപകടകരവുമായ തടാകം നേപ്പാളിലെ ഒരു നദിയിലാണ് രൂപപ്പെട്ടിരിക്കുന്നത്. വലിയൊരു മണ്ണിടിച്ചിലിനെ തുടർന്ന് താഴ്‌വര തടസ്സപ്പെടുകയും നദിയുടെ ഒഴുക്ക് തടയപ്പെടുകയും ചെയ്തതാണ് ഇതിന് കാരണമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

പ്രളയത്തെ തുടർന്ന് അടിഞ്ഞുകൂടിയ മണ്ണും പാറകളും മറ്റ് അവശിഷ്ടങ്ങളും കാരണം താഴ്‌ഭാഗത്ത് ഒരു തടാകം രൂപപ്പെട്ടതായി നേപ്പാളിലെയും ചൈനയിലെയും അധികൃതർ വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. തടാകത്തിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും ഇത് ഏത് സമയത്തും കരകവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്‌ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി (NDRRMA) മുന്നറിയിപ്പ് നൽകി. തടാകത്തിന്റെ ആകാശനിരീക്ഷണവും ത്രിമാന മാതൃക (3D modelling) തയ്യാറാക്കുന്നതിനുമായി എട്ട് അംഗങ്ങളുള്ള എഞ്ചിനീയറിങ് സംഘത്തെ ചൈനീസ് അധികൃതർ നിയോഗിച്ചതായി ചൈനീസ് ഔദ്യോഗിക ടെലിവിഷൻ ചാനലായ CCTV വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേപ്പാളിലെ ലെഹെൻഡെ നദീസംവിധാനത്തിൽ ചോചെൻ ഖോല, പുരേപു സാങ്പോ എന്നീ നദികൾ സംഗമിക്കുന്ന പ്രദേശത്തിന് സമീപമാണ് ഈ തടാകം രൂപപ്പെട്ടിരിക്കുന്നത്. കാഠ്മണ്ഡുവിലേക്ക് തെക്കോട്ട് ഒഴുകുന്ന ഭോട്ടെകോശി, ത്രിശൂലി നദികൾക്ക് മുകളിലായി, അവയുടെ ഒഴുക്കിന്റെ പാതയിലാണ് തടാകം രൂപപ്പെട്ടിരിക്കുന്നതെന്നാണ് ദി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.തടാകത്തിൽ നിലവിൽ ഏകദേശം 15 ലക്ഷം മുതൽ 20 ലക്ഷം ക്യുബിക് മീറ്റർ വരെ വെള്ളമുണ്ടെന്നാണ് ചൈനയുടെ ജലവിഭവ മന്ത്രാലയം വ്യാഴാഴ്ച കണക്കാക്കിയത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഏകദേശം 30 ലക്ഷം ക്യുബിക് മീറ്റർ വെള്ളം കൂടി തടാകത്തിലേക്ക് ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏകദേശം 1,200 ഒളിമ്പിക്‌സ് വലുപ്പത്തിലുള്ള നീന്തൽക്കുളങ്ങളിൽ ഉൾക്കൊള്ളുന്ന വെള്ളത്തിന് തുല്യമായ അളവാണിതെന്നതാണ് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്. തടാകം പെട്ടെന്ന് തകർന്നാൽ മറ്റൊരു പ്രളയത്തിന് കാരണമാകുമെന്നതിനാൽ ഇത് ഗുരുതരമായ ഭീഷണിയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് രക്ഷാപ്രവർത്തനങ്ങളെയും കാണാതായവർക്കായുള്ള തിരച്ചിലിനെയും കൂടുതൽ ദുഷ്‌കരമാക്കും. ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ ഇപ്പോഴും കഴിയുന്നവർക്കും ഇത് അപകടം സൃഷ്ടിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.ബുധനാഴ്ച പുലർച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്ത് മിന്നൽപ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തിൽ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകരാറിലായിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles