തിരുവനന്തപുരം : ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകള്‍ എന്നിവര്‍ക്ക് ന്യൂനപക്ഷക്ഷേമ വകുപ്പ് ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യില്‍ ധനസഹായം ലഭിക്കുന്നതിനായി അപേക്ഷിക്കാം. ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്ളോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് 50,000 രൂപ ധനസഹായം നല്‍കും. തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിനും അപേക്ഷകക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള/മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍നിന്നോ സമാന ഏജന്‍സികളില്‍നിന്നോ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. നിര്‍ദിഷ്ട ഫോം മുഖേന അപേക്ഷിക്കണം. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വര്‍ഷത്തെ ഭൂനികുതി അടച്ച രസീതിയുടെയും റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ അപേക്ഷക്കൊപ്പം നല്‍കണം. വീട് റിപ്പയര്‍ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണം തെളിയിക്കുന്നതിനും മറ്റു വകുപ്പുകളില്‍നിന്നോ സമാന ഏജന്‍സികളില്‍നിന്നോ അപേക്ഷകക്ക് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനില്‍നിന്നുള്ള സാക്ഷ്യപത്രവും നല്‍കണം. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 10-നകം അനുബന്ധ രേഖകള്‍ സഹിതം അതത് ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തില്‍ അതത് ജില്ലാ കലക്ടറേറ്റിലേക്ക് തപാല്‍ മുഖേനയോ അപേക്ഷിക്കാം. അപേക്ഷാ ഫോം www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2300523, 24, 2302090. ഇ-മെയില്‍: director.mwd@gmail.com.






