കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോ ഓപറേറ്റിവ് സൊസൈറ്റി ഏറ്റെടുത്ത പ്രവൃത്തികൾ വൈകുന്നതിൽ ജില്ല പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വിമർശനം. വടകര ഗവ. ജില്ല ആശുപത്രിയിൽ പി.എം.ജെ.വി.കെ നിർമാണ പദ്ധതിയിൽ ടാങ്കുകൾ മാറ്റി സ്ഥാപിക്കുന്നതിനു പുതിയ പദ്ധതി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട ചർച്ചക്ക് എടുത്തപ്പോഴാണ് വിമർശനം ഉയർന്നത്. സൊസൈറ്റി തകർച്ചയുടെ വക്കിലാണെന്നും അതിനാൽ ഇനിയും പ്രവൃത്തികൾ നൽകുന്നത് സംബന്ധിച്ച് പുനരാലോചന നടത്തണമെന്നും ഭരണസമിതി അംഗം പി.ജി. മുഹമ്മദ് ആവശ്യപ്പെട്ടുയു.എൽ.സി.സി തകർച്ചയിലാണെന്നു പറയുന്നത് ശരിയല്ലെന്ന് ഒ.കെ. മുരളീധരൻ പറഞ്ഞു. യു.എൽ.സി.സി ഏറ്റെടുത്ത പ്രവൃത്തികളുടെ തുക സർക്കാറിൽ നിന്നും ലഭിക്കുന്നില്ലെന്നും അതിനു പരിഹാരം കാണണമെന്നും എ.കെ. മണി പറഞ്ഞു. മുൻ സർക്കാറാണ് ഫണ്ട് കുടിശ്ശിക വരുത്തിയതെന്നു പി.ജി. മുഹമ്മദും പറഞ്ഞു. സർക്കാറുകൾ തുടർച്ചയാണെന്നും അതിനാൽ അടിയന്തരമായി ഫണ്ട് നൽകുകയാണ് വേണ്ടതെന്നു മുരളീധരനും ആവശ്യപ്പെട്ടു. ചർച്ച ചൂടേറിയപ്പോൾ പ്രസിഡന്റ് മില്ലി മോഹൻ ഇടപെട്ടു.വടകര ജില്ല ആശുപത്രിയിൽ പി.എം.ജെ.വി.കെ പദ്ധതിയിലെ നിലവിലെ പ്രവൃത്തി യു.എൽ.സി.സി ചെയ്യുന്നതിനാൽ ടാങ്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച രണ്ടു ലക്ഷം രൂപയുടെ പ്രവൃത്തിയും യു.എൽ.സി.സിക്കു നൽകാൻ തീരുമാനിച്ചു. സ്കൂളുകളുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപവരെയുള്ള പ്രവൃത്തികൾ ഗുണഭോക്തൃ സമിതി എന്ന നിലയിൽ പി.ടി.എക്ക് ഏറ്റെടുത്തു നടത്താമെന്നതിനാൽ അത്തരം നടപടികളുമായി മുന്നോട്ടു പോകാൻ നിർദേശം ഉയർന്നു. ഇത്തരത്തിൽ പ്രവൃത്തികൾ ചെയ്യുമ്പോൾ ഒരു പ്രവൃത്തിക്കു പകരം രണ്ടു പ്രവൃത്തികൾ വരെ നടത്താനാകുമെന്നും സ്ഥിരം സമിതി അധ്യക്ഷൻ മുനീർ എരവത്ത് പറഞ്ഞു.






