തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്. കാലവര്‍ഷം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് 21 ശതമാനം മഴ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. സാധാരണ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് 30 വരെ ലഭിക്കേണ്ടത് 1735.2 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍ നിലവില്‍ ലഭിച്ചത് 1365.4 മില്ലിമീറ്റര്‍ മഴ മാത്രമാണ്. വയനാട് ഇടുക്കി ജില്ലകളിലെ മഴക്കുറവ് തുടരുന്നുണ്ട്. മഴ ഏറ്റവും കുറവ് പെയ്തത് വയനാട് ജില്ലയിലാണ്. ഇവിടെ 51 ശതമാനമാണ് മഴയിൽ കുറവ് രേഖപ്പെടുത്തിയത്. ഇടുക്കി ജില്ലയില്‍ 45ശതമാനവും കൊല്ലത്ത് 30 ശതമാനവും തൃശ്ശൂരില്‍ 27 ശതമാനവും പാലക്കാട് 26 ശതമാനവും മഴക്കുറവ് ഉണ്ടായി.സെപ്റ്റംബര്‍ ആദ്യവാരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ മാസത്തില്‍ സാധാരണയേക്കാള്‍ കുറവ് മഴയാകും ലഭിക്കുക. എല്‍ നിനോ പ്രതിഭാസം ശക്തമായി തുടരുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. എല്‍ നിനോ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് മഴ ലഭ്യതയെ പ്രതികൂലമായി ബാധിക്കും.കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും ചൂടാകുന്ന ഒരു സ്വാഭാവിക കാലാവസ്ഥാ രീതിയാണ് എൽ നിനോ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ശരാശരിയേക്കാൾ ആറ് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സമുദ്രങ്ങളിൽ ഉഷ്ണതരംഗങ്ങൾ രൂപപ്പെടുന്നത് കടുത്ത വരൾച്ചയ്ക്കും, ചിലയിടങ്ങളിൽ അപ്രതീക്ഷിതമായ കനത്ത മഴയ്ക്കും കാരണമാകും. മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലുണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങളാണ് എൽ നിനോയ്ക്ക് കാരണം.






