കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചത് ചികിത്സപിഴവ് മൂലമെന്ന് ആരോപണം. പുനലൂര്‍ സ്വദേശികളായ അനൂപ്, സുധി ദമ്പതികളുടെ കുഞ്ഞാണ് ഇന്ന് പുലര്‍ച്ചെയോടെ മരിച്ചത്. പ്രസവത്തിനായി ഇന്നലെ പുലര്‍ച്ചെ ഭാര്യയെ ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചതാണെന്നും ഏതെങ്കിലും തരത്തില്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റമായിരുന്നുവെന്നും അനൂപ് പ്രതികരിച്ചു. ഡോക്ടര്‍ കൈക്കൂലി വാങ്ങിയതായും അനൂപ് ആരോപിച്ചു.’ഇന്നലെ പുലര്‍ച്ചെ നാലിന് ഭാര്യയെ ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റി. ഒരു ഒപ്പ് പോലും എന്റെ പക്കല്‍ നിന്ന് വാങ്ങിയിട്ടില്ല. ഇന്നലെ വൈകിട്ട് ഡോക്ടറെ കാണാന്‍ കണ്‍സള്‍ട്ടിംഗ് മുറിയില്‍പോയിരുന്നു. 500 രൂപ കൊടുത്തപ്പോള്‍ എന്നെ നോക്കി. 2,500 രൂപയാണ് കൈക്കൂലിയായി ഞാന്‍ കൊടുത്തത്. ഒരു കുഴപ്പവുമില്ല. ഓപ്പറേഷന്‍ വേണ്ടി വന്നേക്കാമെന്നേ പറഞ്ഞുള്ളൂ. സങ്കീര്‍ണ്ണതയുണ്ടെങ്കില്‍ പറഞ്ഞിരുന്നെങ്കില്‍ വേറെ ആശുപത്രിയില്‍ പോയേനെ. കൊച്ചിനെ പോലും കാണിച്ചിട്ടില്ല. മരിച്ചുപോയെന്നാണ് പറയുന്നത്’, അനൂപ് പറഞ്ഞു.അതേസമയം വിമര്‍ശനം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പുനലൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം പേരൂര്‍ക്കട ജില്ല ആശുപത്രിയിലെ ചികിത്സപിഴവിനെ തുടര്‍ന്ന് ഗര്‍ഭസ്ഥശിശു മരിച്ചെന്ന ആരോപണത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സൂപ്രണ്ട് ഇന്ന് ഡി എം ഒ യ്ക്ക് കൈമാറും. ആശുപത്രി അതികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി എം ഒ തയ്യാറാക്കുന്ന അന്തിമ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറും. മരിച്ച നവജാത ശിശുവിന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക.






