കോഴിക്കോട് : സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്ടു നടത്തുമെന്ന പ്രഖ്യാപനത്തോടെ മലബാറിലെ കായികതാരങ്ങളും കായികപ്രേമികളും ആവേശത്തിൽ. 11 വർഷത്തെ ഇടവേളയ്ക്കുശേഷം കോഴിക്കോട്ടേക്ക് എത്തുന്ന കായികമേളയെ ചരിത്രസംഭവമാക്കുമെന്നാണ് അധ്യാപകർ പറഞ്ഞത്. ഇത്തവണ കായികമേളയ്ക്ക് ഒരുങ്ങുന്നത് എൻഐടിയുടെ മൈതാനത്തെ ‘ബ്രാൻഡ് ന്യൂ’ സിന്തറ്റിക് ട്രാക്കാണ്.
നിർമാണം അവസാനഘട്ടത്തിലെത്തിയ മൈതാനത്തിന്റെ ഉദ്ഘാടനം നടത്തിയ ശേഷമാണ് കായികമാമാങ്കത്തിനായി കൈമാറുക. മുൻപ് ആർഇസി ക്രിക്കറ്റ് മൈതാനം എന്നറിയപ്പെട്ടിരുന്ന സ്ഥലത്താണ് എൻഐടി പുതിയ സ്പോർട്സ് അരീന നിർമിക്കുന്നത്. 43 കോടിയിലധികം രൂപ ചെലവുവരുന്ന ഇൻഡോർ കോർട്ട് കോംപ്ലക്സ് അടക്കമുള്ള പദ്ധതികളും വരാനിരിക്കുന്നുണ്ട്. ഫ്ലഡ് ലൈറ്റുകൾ അടക്കമുള്ള വിവിധ സൗകര്യങ്ങളുടെ നിർമാണം നടക്കാനിരിക്കുന്നതേയുള്ളൂ.ഓട്ടമാറ്റിക് സ്പ്രിംഗ്ലർ സിസ്റ്റം, വിഐപി മുറികൾ, കായിക ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സ്റ്റോർ റൂം തുടങ്ങിയവയും നിലവിൽ 8.9 കോടിയോളം രൂപ ചെലവിലാണ് ഇവിടെ സിന്തറ്റിക് ട്രാക്ക്, ഇലവൻസ് ഫുട്ബോൾ ടർഫ് എന്നിവയുടെ നിർമാണം പൂർത്തിയാകുന്നത്.
450 മീറ്റർ സിന്തറ്റിക് ട്രാക്കിൽ 8 ട്രാക്കുളുണ്ട്. ഇവിടെ ലോങ് ജംപ് പിറ്റുകളുടെയും ഹൈജംപ് പിറ്റുകളുടെയും നിർമാണവും അവസാനഘട്ടത്തിലാണ്.രാജ്യാന്തര ഒളിംപിക്സ് മാനദണ്ഡം പാലിച്ചാണ് സിന്തറ്റിക് ട്രാക്ക്, ജംപിങ് പിറ്റ് എന്നിവയുടെ നിർമാണം. ഗാലറിയും മുറികളും സ്റ്റോറേജ് സൗകര്യവും ശുചിമുറികളുമുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ടെക് കമ്പനിയാണ് നിർമാണം നിർവഹിക്കുന്നത്.നിലവിൽ പുതിയ സിന്തറ്റിക് ട്രാക്കിനു സമീപത്താണ് എൻഐടിയുടെ ക്രിക്കറ്റ് മൈതാനം. ഇവിടെ രണ്ടു പിച്ചുകളുള്ള പരിസ്ഥിതി സൗഹൃദ ക്രിക്കറ്റ് സ്റ്റേഡിയമുണ്ട്. അടുത്തിടെ രഞ്ജി ട്രോഫി ജൂനിയർ വിഭാഗം മത്സരങ്ങൾ ഇവിടെയാണ് നടന്നത്. പുതിയ സിന്തറ്റിക് ട്രാക്ക് നിർമിച്ച മൈതാനത്താണ് മുൻപ് വിശിഷ്ടാതിഥികളുമായി ഹെലികോപ്റ്ററുകൾ വന്നിറങ്ങിയിരുന്നത്.






