കൽപറ്റ : സർക്കാരിന്റെ വിപണി ഇടപെടൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോർട്ടികോർപ് മുഖേന കൃഷി വകുപ്പ് ജില്ലയിൽ കുറഞ്ഞ നിരക്കിൽ സവാള വിൽപന ആരംഭിച്ചു. കലക്ടറേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ ഹോർട്ടികോർപ് മൊബൈൽ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കിലോയ്ക്ക് 35 രൂപ നിരക്കിലാണ് സവാള വിൽക്കുന്നത്. കിലോഗ്രാമിന് 65.75 രൂപയോളം വില നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹോർട്ടികോർപിലൂടെ പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന നടപടി സർക്കാർ സ്വീകരിച്ചത്.നാഷനൽ കോ-ഓപറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്) സംഭരിച്ച രണ്ട് ടൺ സവാളയാണ് ആദ്യഘട്ടത്തിൽ ജില്ലയിൽ വിതരണം ചെയ്യുന്നത്. നിലവിൽ രണ്ട് വാഹനങ്ങളിലായാണ് വിൽപന ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് ഏഴ് വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മൊബൈൽ വാഹനങ്ങളെത്തും.കൃഷി-ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പുകളുടെ സംയുക്ത ഇടപെടലിന്റെ ഭാഗമായി 100 ടൺ സവാള അടിയന്തരമായി കേരളത്തിലെത്തിക്കും. ആദ്യഘട്ടത്തിൽ ഓർഡർ നൽകിയ 30 ടണ്ണിൽ 20 ടൺ ഇതിനകം കേരളത്തിലെത്തി. ഇതിൽ 10 ടൺ മലബാർ മേഖലയിലേക്കും 10 ടൺ തെക്കൻ കേരളത്തിലേക്കുമാണ് എത്തിച്ചത്. 30 ടൺ സവാള വ്യാഴാഴ്ച കേരളത്തിലെത്തിക്കും.ശേഷിക്കുന്ന സവാളയ്ക്കായുള്ള ഓർഡർ നടപടികൾ പുരോഗമിക്കുകയാണ്. നാഷനൽ കോ-ഓപറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് മുഖേനയാണ് സവാള സംഭരിച്ച് കേരളത്തിലെത്തിക്കുന്നത്. കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയിൽ എഡിഎകെ അജീഷ്, ഹോർട്ടികോർപ് ജില്ലാ മാനേജർ എ.ആർ.ചിത്ര, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പി.കെ ലാൽസുന, ഹോർട്ടികോർപ് അസി. മാനേജർ സിബി ചാക്കോ, ഹോർട്ടികോർപ് ജീവനക്കാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.






