spot_img
Thursday, September 17, 2026

തറവാട്ട് വീട്ടിൽ നിന്ന് മദ്യം പിടിച്ചെന്ന ആരോപണം; അറസ്റ്റ് പ്രതികാര നടപടിയെന്ന് ആന്റോ അഗസ്റ്റിൻ



കൊച്ചി: വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടില്‍ നിന്ന് മദ്യം പിടിച്ചെന്ന ആരോപണത്തില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍. തന്നെ കുടുക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.’ഞാന്‍ മദ്യപിക്കാറില്ല. അതുമായി ബന്ധപ്പെട്ട ഒരു കാര്യവും എനിക്കറിയില്ല. എക്‌സൈസുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചുമറിയില്ല. പോയി നോക്കട്ടെ’, ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.റിപ്പോര്‍ട്ടര്‍ ഓഫീസിലെ എക്‌സൈസിന്റെ നാടകീയ നീക്കങ്ങൾക്കൊടുവിലായിരുന്നു ആന്റോ അഗസ്റ്റിന്റെ അറസ്റ്റ്. എഫ്‌ഐആര്‍ പോലും ഇല്ലാതെ അറസ്റ്റിനെത്തിയ സംഘം മണിക്കൂറുകളോളം റിപ്പോര്‍ട്ടര്‍ എംഡി ആന്റോ അഗസ്റ്റിനെ തടഞ്ഞുവെച്ചു. പരിശോധന പൂര്‍ത്തിയാക്കി പൊലീസ് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് എക്‌സൈസ് റിപ്പോര്‍ട്ടര്‍ ഓഫീസിലെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഓഫീസിലെത്തിയ സംഘം, രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും എഫ്‌ഐആര്‍ കൈമാറിയില്ല. തുടർന്ന് ഇത് ചോദ്യം ചെയ്തതോടെയാണ് സംഘം എഫ്ഐആർ കൈമാറിയത്.അതേസമയം, അര്‍ജന്റീനയുടെ വരവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെന്ന് പറഞ്ഞ് റിപ്പോര്‍ട്ടര്‍ ഹെഡ് ഓഫീസിലെത്തിയ പൊലീസ് സംഘത്തിന്റെ പരിശോധന 21 മണിക്കൂറോളം നീണ്ടു. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തില്‍ ആയിരുന്നു റെയ്ഡ് നടന്നത്. മാധ്യമപ്രവർത്തകരുടെ പല ചോദ്യങ്ങൾക്കും എസിപി കൃത്യമായ ഉത്തരം നൽകിയില്ല. റെയ്ഡ് വിശദാംശങ്ങൾ എസ്ഐടി തലവന്‍ വിശദീകരിക്കുമെന്നായിരുന്നു മറുപടി.ഒരു സംഘം പൊലീസുകാര്‍ ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസില്‍ പരിശോധനയെന്ന പേരില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെയ്ക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്‌കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പൊലീസിന്റെ കടന്നുകയറ്റമുണ്ടായത്.റിപ്പോര്‍ട്ടര്‍ ടിവിയുടെ സംപ്രേഷണം തടയണമെന്ന ഉദ്ദേശത്തോടെയാണ് ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചു വെച്ചത്. പരിശോധനയുടെ കാരണമോ മറ്റുവിവരങ്ങളോ മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായി കൈകാര്യം ചെയ്യുന്ന ഫോണുകളായിരുന്നു പിടിച്ചുവെച്ചത്.അതേസമയം, റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌ക്കില്‍ നടന്ന പൊലീസ് അതിക്രമത്തെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ന്യായീകരിച്ചു. എസ്‌ഐടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണത്തില്‍ ആഭ്യന്തരവകുപ്പ് ഇടപെടാറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.അമേരിക്കന്‍ യാത്ര കഴിഞ്ഞ് തിരികയെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷത്തിൽ മാധ്യമങ്ങൾക്കെതിരെ എത്ര നടപടികൾ ഉണ്ടായി. അന്ന് ആരും അടിയന്തരാവസ്ഥ കണ്ടില്ലേയെന്നും ആഭ്യന്തരമന്ത്രി ചോദിച്ചു.അന്വേഷണം നടക്കട്ടെ. നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. എസ്‌ഐടി നടപടി താന്‍ അറിയേണ്ട കാര്യമില്ല. സെര്‍ച്ച് വാറന്റ് ഉള്‍പ്പടെ എല്ലാ നിയമപരമായ അനുമതികളോടെയും കൂടിയായിരുന്നു നടപടി. എസ്‌ഐടി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാരോ ആഭ്യന്തരമന്ത്രിയോ പറയേണ്ട കാര്യമില്ല. അന്വേഷണം അന്വേഷണത്തിന്റെ വഴിക്ക് പോകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles