സെപ്റ്റംബർ 25-നകം മോട്ടോർ ഡ്രൈവിംഗ് ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമെന്ന രീതിയിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വകുപ്പിന്റെ സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിന് ലൈസൻസുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്യേണ്ടതുണ്ടെങ്കിലും, ഇതിനായി യാതൊരുവിധ അവസാന തീയതിയോ സമയപരിധിയോ നിശ്ചയിച്ചിട്ടില്ലാത്തതിനാൽ പൊതുജനങ്ങൾ ഇത്തരം തെറ്റായ പ്രചരണങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല. sarathi.parivahan.gov.in എന്ന ഔദ്യോഗിക പോർട്ടലിലെ ‘Others’ വിഭാഗത്തിൽ നിന്നും ‘Update Mobile Number’ എന്ന ഓപ്ഷൻ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് സ്വന്തമായിത്തന്നെ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണെന്നും, ഓൺലൈനായി ചെയ്യാൻ സാധിക്കാത്തവർ മാത്രം മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളെ സമീപിച്ചാൽ മതിയെന്നും അധികൃതർ വ്യക്തമാക്കി. കൃത്യമായ ഔദ്യോഗിക വിവരങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ സോഷ്യൽ മീഡിയ പേജുകളിലെ അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും വകുപ്പ് അഭ്യർത്ഥിച്ചു.






