spot_img
Thursday, September 24, 2026

ചെറുവണ്ണൂർ മേൽപാലം പ്രധാന ഗർഡറുകൾ സ്ഥാപിച്ചു; ജംക്‌ഷൻ തുറന്നു.



ഫറോക്ക്: ചെറുവണ്ണൂർ മേൽപാലത്തിന്റെ പ്രധാന ഗർഡറുകൾ സ്ഥാപിച്ചതോടെ അങ്ങാടിയിലെ ജംക്‌ഷൻ ഗതാഗതത്തിനു തുറന്നു. വൈകിട്ട് 6നാണു ജംക്‌ഷനിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. ഇതോടെ ചെറുവണ്ണൂരിൽ നിന്നു ബേപ്പൂർ, കൊളത്തറ റോഡുകളിലേക്കു വാഹനയാത്ര സാധ്യമായി.അങ്ങാടിയിലെ ഗതാഗത പ്രതിസന്ധിക്കു താൽക്കാലിക പരിഹാരമായെങ്കിലും ഫറോക്ക് ഭാഗത്തുനിന്നു ചെറുവണ്ണൂർ പ്രധാന പാതയിലൂടെ നഗരത്തിലേക്കുള്ള ഗതാഗത നിരോധനം 26 വരെ തുടരും.ഉച്ചയോടെയാണ് ജംക്‌ഷനിലെ സ്പാനുകളിൽ 6 ഗർഡറുകളും സ്ഥാപിച്ചത്. പിന്നീട് ഗാൻട്രി ക്രെയിൻ കൊണ്ടുപോകാൻ സജ്ജീകരിച്ച റെയിൽ നീക്കി റോഡ് അറ്റകുറ്റപ്പണികൾ നടത്തിയ ശേഷമാണ് ഗതാഗതം അനുവദിച്ചത്. ജംക്‌ഷൻ തുറന്നതിന്റെ ആഹ്ലാദം പങ്കിട്ട് നാട്ടുകാർ പടക്കം പൊട്ടിച്ചു. ഒരാഴ്ചത്തെ സമ്പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തി നടത്തുന്ന മേൽപാലം പ്രവൃത്തിയുടെ 3 ദിവസം പിന്നിട്ടപ്പോൾ 8 ഗർഡറുകൾ മാത്രമാണ് ഇതുവരെ സ്ഥാപിച്ചത്.മേൽപാലം ഉയരം കൂടിയ ഭാഗമായ ജംക്‌ഷനിലെ ഗർഡറുകൾ സ്ഥാപിച്ചതിനാൽ പ്രധാന കടമ്പ പിന്നിട്ടു. ഇനി 3 ദിവസം കൊണ്ടു മറ്റു 3 സ്പാനുകളിലെ 16 ഗർഡറുകൾ സ്ഥാപിക്കാനുണ്ട്. പെട്രോൾ പമ്പ് പരിസരത്ത് നിർമിച്ചു വച്ച കോൺക്രീറ്റ് ഗർഡറുകൾ ഗാൻട്രി ക്രെയിൻ ഉപയോഗിച്ചാണ് തൂണുകളിലേക്കു എത്തിക്കുന്നത്. 50 ടൺ ഭാരമുള്ള ഗർഡറുകൾ പ്രതീക്ഷിച്ചപോലെ കൊണ്ടുവരാൻ കഴിയാത്തത് വെല്ലുവിളിയാണ്.അതേസമയം കഴിയുന്നത്ര വേഗം പ്രവൃത്തി പൂർത്തിയാക്കി റോഡ് ഗതാഗതത്തിനു തുറക്കാനുള്ള പരിശ്രമത്തിലാണ് കരാർ കമ്പനി. 700 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള നാലുവരി മേൽപാലത്തിന് 25 മീറ്റർ നീളത്തിൽ 14 സ്പാനുകളുണ്ടാകും. ഇവയിൽ ആകെ 84 ഗർഡറുകളാണുണ്ടാകുക. പാലത്തിന്റെ ഇരുഭാഗത്തുമായി 46 ഗർഡറുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 89 കോടി രൂപ ചെലവിട്ട് കേരള റോഡ് ഫണ്ട് ബോർഡ് നേതൃത്വത്തിലാണ് ചെറുവണ്ണൂരിൽ മേൽപാലം നിർമിക്കുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles