തിരുവനന്തപുരം : മാസാവസാനം ബാങ്ക് ജീവനക്കാരുടെ സമരം പ്രഖ്യാപിച്ചതോടെ സെപ്റ്റംബറിലെ ശമ്പളം എന്നു ലഭിക്കുമെന്ന ആശങ്കയിൽ ജീവനക്കാർ. 28,29,30 തീയതികളിലാണ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. ഇതിന് മുൻപ് വരുന്ന ശനിയും ഞായറും പതിവു അവധി ദിനങ്ങളാണ്. ഇതോടെ അഞ്ച് ദിവസം ബാങ്കിങ് പ്രവർത്തനങ്ങൾ മുടങ്ങുമെന്നാണ് ആശങ്ക. ഞായറാഴ്ച ബാങ്കുകളെല്ലാം തുറന്നു പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം പ്രായോഗികമാകുെമന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. ഇതോടെ സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയാണ് നടക്കുന്നത്.അതിനിടെ കേന്ദ്രസർക്കാർ ജീവനക്കാർക്ക് സെപ്റ്റംബറിലെ ശമ്പളം 25ാം തീയതി വെള്ളിയാഴ്ച തന്നെ ലഭിക്കും. ശമ്പളം, പെൻഷൻ എന്നിവ 25നു തന്നെ അക്കൗണ്ടിലെത്തുമെന്ന് കേന്ദ്രധനമന്ത്രാലയം അറിയിച്ചു.ഇതിനു വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ വകുപ്പ്, പോസ്റ്റ്, ടെലിക്കമ്യൂണിക്കേഷൻ വിഭാഗം തുടങ്ങിയ എല്ലാ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.സ്വകാര്യ ജീവനക്കാർക്കും കിട്ടുമോസ്വകാര്യ കമ്പനിയിലെ ജീവനക്കാർക്കും വിവിധ സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള തൊഴിലാളികൾക്കും 25ാം തീയതി തന്നെ ശമ്പളം ലഭിക്കുമെന്ന് ഉറപ്പില്ല. മിക്ക കമ്പനികളും മാസത്തിന്റെ തുടക്ക ദിവസങ്ങളിലാണ് ശമ്പളം നൽകുന്നത്. ഇവിടെ ജോലി ചെയ്യുന്നവർക്ക് ബാങ്ക് പണി മുടക്കിന്റെ പേരിൽ നേരത്തെ ശമ്പളം ലഭിക്കില്ല. മാസത്തിന്റെ അവസാന ദിവസങ്ങളിൽ ശമ്പളം ലഭിക്കുന്ന കമ്പനികളിലെ ജീവനക്കാർക്ക് ചിലപ്പോൾ വൈകാൻ സാധ്യതയുണ്ട്. അതും മാനുവലായി ശമ്പളം കൈകാര്യം ചെയ്യുന്ന ഇടങ്ങളിൽ മാത്രം. ഓൺലൈനായി ശമ്പളം വിതരണം ചെയ്യാൻ ബാങ്കുകളുമായി ക്രമീകരണമുള്ള കമ്പനികളിൽ ഇക്കാര്യം ബാധകമാകില്ലെന്നും പതിവു പോലെ ശമ്പളം ലഭിക്കുമെന്നും ഈ രംഗത്തുള്ളവർ പറയുന്നു.തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ബന്ധപ്പെട്ട കക്ഷികളുമായി വിശാലമായ കൂടിയാലോചനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നാണ് കേന്ദ്രനിലപാട്. ഇക്കാര്യത്തിൽ കേന്ദ്ര ലേബർ കമ്മിഷണറുമായി യൂണിയനുകളുടെ അടുത്ത യോഗം ഒക്ടോബർ 15നാണ്. ഇതിൽ പരിഹാരം കാണാനായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിനും ജീവനക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്.






