അധികമായി അനുവദിച്ച അരി വിതരണം 20 വരെ
2022 മെയ് മാസത്തിൽ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം അനുവദിച്ച ഗോതമ്പ് ലഭ്യമാകാത്ത ഗുണഭോക്താക്കൾക്ക് പകരമായി ഒരു കിലോഗ്രാം അരി ജൂൺ മാസത്തിലെ വിഹിതത്തോടൊപ്പം അനുവദിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അധികമായി അനുവദിച്ച അരിയുടെ വിതരണം ജൂൺ 20 വരെ മാത്രമായതിനാൽ കാർഡുടമകൾ നിശ്ചിത തിയ്യതിക്കകം റേഷൻ കൈപ്പറ്റേണ്ടതാണ്.
***
മുതിർന്ന പൗരൻമാരുടെ ക്ഷേമം: യോഗം 21ന്
മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ യോഗം ജൂൺ 21 ന് രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. വിവിധ വയോജന പദ്ധതികളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണം, റവന്യൂ ആരോഗ്യ കുടുംബക്ഷേമം, സാമൂഹ്യ നീതി, ആഭ്യന്തരം വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥൻമാരുമായി ചർച്ച നടത്തും.
***
ഫയൽ അദാലത്ത് : യോഗം നളന്ദ ഓഡിറ്റോറിയത്തിലേക്ക് മാറ്റി
ജൂൺ 15 മുതൽ സെപ്തംബർ 30 വരെ നീണ്ടുനിൽക്കുന്ന ഫയൽ അദാലത്തിലേക്ക് എല്ലാ വകുപ്പുകളും ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനും തീവ്രയത്‌നപരിപാടി സംഘടിപ്പിക്കുന്നതിനും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ വകുപ്പു മേധാവികളുടെ യോഗം ജൂൺ 13 രാവിലെ ഒൻപത് മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന യോഗം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതായി ജില്ലാ കലക്ടർ അറിയിച്ചു.
***
ആട് വളർത്തൽ പരിശീലനം 16 ന്
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘ആട് വളർത്തൽ’ വിഷയത്തിൽ ജൂൺ 16ന് പരിശീലനം നടത്തും. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ രാവിലെ 10 മുതൽ നാല് മണി വരെ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ 0491- 2815454, എന്ന നമ്പറിൽ വിളിക്കുകയോ, 9188522713-ൽ വാട്‌സ് ആപ്പ് മെസേജോ അയച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
***
സ്ത്രീശാക്തീകരണ തൊഴിൽ പരിശീലനം: സ്‌പോട്ട് അഡ്മിഷൻ
തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിലെ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ വിഭാഗത്തിൽ ജി ഐ എസ് /ജി പി എസ് പരിശീലന പരിപാടിയിൽ സീറ്റ് ഒഴിവ്. ബിടെക് സിവിൽ /ഡിപ്ലോമ സിവിൽ /സയൻസ് ബിരുദധാരികൾ /ബി എ ജ്യോഗ്രഫി എന്നിവയിലേതെങ്കിലും അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8078980000, വെബ്‌സൈറ്റ്: www.iiic.ac.in
***
ഇറച്ചിക്കാേഴി വളർത്തൽ പരിശീലനം
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂൺ 21, 22 തീയതികളിൽ ഇറച്ചിക്കാേഴി വളർത്തലിൽ പരിശീലനം നടത്തുന്നു. താത്പര്യമുള്ളവർ 9446471454 എന്ന നമ്പറിലേക്ക് പേരും, മേൽവിലാസവും വാട്‌സ്ആപ്പ് സന്ദേശം മാത്രമായി ജൂൺ 20 ന് വൈകീട്ട് അഞ്ചിനകം അയക്കണം. ഫോൺ – 04972- 763473
***
പൊതുജനാരോഗ്യ ബിൽ: തെളിവെടുപ്പ് യോഗം 13 ന്
കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ജൂൺ 13 രാവിലെ 10.30 മണിക്ക് കോഴിക്കോട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ആരോഗ്യ വനിതാ-ശിശുവികസന വകുപ്പുമന്ത്രി വീണാ ജോർജ്ജ് ചെയർപേഴ്‌സണായ സെലക്ട് കമ്മിറ്റി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ആരോഗ്യ വിദഗ്ധർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, വിവിധ സംഘടന പ്രതിനിധികൾ ആരോഗ്യപ്രവർത്തകർ, എന്നിവരിൽനിന്നും പ്രസ്തുത ബില്ലിലെ വ്യവസ്ഥകളിന്മേലുളള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുവാൻ താല്പര്യമുളളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. കൂടാതെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ നിയമസഭാ സെക്രട്ടറിക്ക് അയക്കാം. ഇ മെയിൽ – legislation@niyamasabha.nic.in.
***
ഇ ടെണ്ടർ
പ്രകൃതിക്ഷോഭം 2021-22 ൽ ഉൾപ്പെട്ട വിവിധ പുനരുദ്ധാരണ/ നിർമ്മാണ പ്രവൃത്തികളുടെ മത്സരാധിഷ്ഠിത ഇ ടെണ്ടറുകൾ അംഗീകൃത കരാറുകാരിൽനിന്നും ക്ഷണിച്ചു. ഇ ടെണ്ടർ സംബന്ധിച്ച വിവരങ്ങൾ www.etenders.kerala.gov.in ലഭ്യമാണ്. അവസാന തീയതി ജൂൺ 17 രാവിലെ 10 മണി വരെ. ഇമെയിൽ: bdochrkkd@gmail.com ഫോൺ : 0495 2260272
***
ഇ-ടെണ്ടർ
തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്തുന്ന പൊതുമരാമത്ത് പ്രവൃത്തികൾ ഇ-ടെണ്ടർ ക്ഷണിച്ചു. ഓൺലൈനായി സമർപ്പിക്കാവുന്ന അവസാന തീയതി ജൂൺ 20 വൈകീട്ട് ആറ് മണി. ഫോൺ : 0496 2590232.
***
ദേശീയ സാമ്പിൾ സർവേ പരിശീലനക്യാമ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
എൻ എസ് ഒ നടത്തുന്ന 79-ാമത് സാമൂഹിക സാമ്പത്തിക സർവ്വേയുടെ ത്രിദിന പരിശീലന ക്യാമ്പ് കാലിക്കറ്റ് ടവർ സി.ടി. ഹാളിൽ ജൂൺ 13 രാവിലെ 9.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. എൻ എസ് ഒ ഡേറ്റാ പ്രോസസിംഗ് സെന്റർ ബാംഗ്ലൂർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പി. എ. മിനി, എൻ എസ് ഒ കോഴിക്കോട് റീജണൽ ഓഫീസ് ഡയറക്ടർ മുഹമ്മദ് യാസിർ, സംസ്ഥാന ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുക്കും.
***
സിവിൽ സർവീസ് പരീക്ഷാ പരിശീലനം
കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിന്റെ കീഴിലെ KILE IAS അക്കാദമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിലേക്ക് അപേക്ഷിക്കാം. കേരളത്തിൽ അസംഘടിത മേഖലയിൽ പണിചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും, ആശിതർക്കുമാണ് പരിശീലനം നൽകുന്നത്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂൺ 13. വെബ്സൈറ്റ്: kile.kerala.gov.in ഫോൺ: 7907099629, 0471-2309012, 2307742.
***
ഡിസബിലിറ്റീസ് മാനേജ്‌മെന്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാം
മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. വിശദവിവരങ്ങൾ www.srccc.in ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20. ഫോൺ : 9995293845, 8129250158, 8593864845.
***
അനധികൃത വയറിംഗ് തടയുന്നതിനുളള ജില്ലാതല കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നത്
സർക്കാർ ഉത്തരവ് പ്രകാരം അനധികൃത വയറിംഗ് തടയുന്നതിനുളള ജില്ലാതല കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നു. ജില്ലയിലെ ‘ബി’ ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർ, ‘സി ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർമാർ എന്നിവരുടെ പ്രതിനിധികളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിനായി താത്പര്യമുളളവർ ഒറിജിനൽ കോൺട്രാക്ടർ ലൈസൻസ് പെർമിറ്റ്/ ഐ ഡി പ്രൂഫ് എന്നിവ സഹിതം കാര്യാലയത്തിൽ 15 ദിവസത്തിനുളളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. ബന്ധപ്പെട്ട വിഭാഗത്തിന്റെ രജിസ്റ്റേർഡ് സംഘടനകൾക്കും പേര് നിർദ്ദേശിക്കാം. ഫോൺ : 0495 2950002.
***
തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ സിറ്റിംഗ് 15ന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജൂൺ 15 ന് ജില്ലാ എം.ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്‌സ്മാൻ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിംഗ് നടത്തും. രാവിലെ 11 മണി മുതൽ ഒരു മണി വരെ ഓംബുഡ്‌സ്മാൻ സിറ്റിംഗ് ഉണ്ടായിരിക്കും. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്‌സ്മാന് നൽകാവുന്നതാണ്.






