മീനങ്ങാടി: കാർ തടഞ്ഞു നിർത്തി കാർ യാത്രികന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് പണവും വാഹനവും തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശികളായ പെരിങ്ങളം, അനിയാരം, മുത്തേടത്ത് താഴേകുനിയിൽ എം. രഞ്ജു (32), മട്ടന്നൂർ, സൗരവ് നിവാസ്, സൗരവ് സുനിൽ(26) എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കണ്ണൂർ, തലക്കണ്ണിയിൽ നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇവരെ പിടികൂടിയത്. ഇരുവരും നിരവധി കേസുകളിൽ പ്രതികളാണ്. രഞ്ജുവിന് ബത്തേരി, ചൊക്ലി സ്റ്റേഷനുകളിലായി 13-ഓളം കേസുകളും, സൗരവിന് പയ്യന്നൂർ, വാടാനപ്പള്ളി സ്റ്റേഷനുകളിലും കേസുകളുണ്ട്.30.09.2026 തിയ്യതി വൈകീട്ടോടെ മീനങ്ങാടി എഫ്.സി.ഐ ഗോഡൗണിനു സമീപം വച്ചാണ് സംഭവം. കൊടുവള്ളി സ്വദേശി കർണാടകയിലെ ബേഗൂരിൽ നിന്ന് വരുമ്പോഴാണ് പത്തോളം പേർ രണ്ട് കാറുകളിലായി വന്ന് ഇന്നോവ വാഹനം ബ്ലോക്കിട്ട് നിർത്തിച്ചത്. വാഹനത്തിന്റെ സൈഡ് ഗ്ലാസുകൾ അടിച്ച് പൊട്ടിക്കുകയും, യുവാവിന്റെ മുഖത്ത് പേപ്പർ സ്‌പ്രേ അടിച്ച് കാറിൽ നിന്നും ബലം പ്രയോഗിച്ച് പുറത്തിറക്കി കാറും, കാറിലുണ്ടായിരുന്ന 21000 രൂപയും തട്ടിയെടുക്കുകയുമായിരുന്നു. വിവരമറിഞ്ഞയുടൻ ജില്ലയിലും ജില്ലാതിർത്തികളിലും പരിശോധനയും നിരീക്ഷണവും ശക്തമാക്കി. തുടർന്ന് ഇവരെ തലക്കണ്ണിയിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.






