തിരുവനന്തപുരം: നിങ്ങൾ പതിവായി ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരാണോ? യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ കേരള പൊലീസിന്റെ പോൽ ആപ്പിലെ റെയിൽ മൈത്രി സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. രാത്രികാലങ്ങളിലോ ദീർഘദൂര യാത്രകളിലോ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കാൻ ഇതുവഴി സാധിക്കും. വിവരങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്താൽ റെയിൽവേ പൊലീസിന്റെ നിരീക്ഷണവും സംരക്ഷണവും യാത്രയിലുടനീളം ഉറപ്പാക്കാമെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ട്രെയിനിലോ പ്ലാറ്റ്‌ഫോമിലോ നടക്കുന്ന അനിഷ്ട സംഭവങ്ങൾ, അതിക്രമങ്ങൾ എന്നിവ തത്സമയം ഫോട്ടോ/വിവരങ്ങൾ സഹിതം പൊലീസിനെ അറിയിക്കാനുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. യാത്രയ്ക്കിടയിലോ സ്റ്റേഷനിലോ വിലപിടിപ്പുള്ള വസ്തുക്കളോ രേഖകളോ നഷ്ടപ്പെട്ടാൽ റെയിൽവേ പൊലീസിന് ലഭിച്ച സാധനങ്ങളുടെ വിവരങ്ങളും ഫോട്ടോകളുമായി ഒത്തുനോക്കാൻ ലോസ്റ്റ് പ്രോപ്പർട്ടി ഗാലറി ഫീച്ചർ വഴി സാധിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.
കുറിപ്പ്:
ട്രെയിൻ യാത്രകളിൽ കേരള പോലീസിന്റെ സഹായവും സുരക്ഷയും ലഭ്യമാക്കാൻ Pol-App-ൽ ‘റെയിൽ മൈത്രി’ (Rail Maithri) സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്.
യാത്രക്കാർക്കായി Pol App ലെ റെയിൽ മൈത്രി ഒരുക്കുന്ന പ്രധാന സൗകര്യങ്ങൾ:
ലോൺലി പാസഞ്ചർ (Lonely Passenger)
രാത്രികാലങ്ങളിലോ ദീർഘദൂര യാത്രകളിലോ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക സുരക്ഷ. വിവരങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്താൽ റെയിൽവേ പോലീസിന്റെ നിരീക്ഷണവും സംരക്ഷണവും യാത്രയിലുടനീളം ഉറപ്പാക്കാം.
ലോസ്റ്റ് പ്രോപ്പർട്ടി ഗാലറി (Lost Property Gallery)
യാത്രയ്ക്കിടയിലോ സ്റ്റേഷനിലോ വിലപിടിപ്പുള്ള വസ്തുക്കളോ രേഖകളോ നഷ്ടപ്പെട്ടോ? റെയിൽവേ പോലീസിന് ലഭിച്ച സാധനങ്ങളുടെ വിവരങ്ങളും ഫോട്ടോകളും ഈ ഗാലറിയിൽ പരിശോധിക്കാം.
സംഭവങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യാം (Report An Incident)
ട്രെയിനിലോ പ്ലാറ്റ്‌ഫോമിലോ നടക്കുന്ന അനിഷ്ട സംഭവങ്ങൾ, അതിക്രമങ്ങൾ എന്നിവ തത്സമയം ഫോട്ടോ/വിവരങ്ങൾ സഹിതം പോലീസിനെ അറിയിക്കാം.
രഹസ്യ വിവരങ്ങൾ പങ്കുവെക്കാം (Secret Information)
ലഹരിക്കടത്ത്, മോഷണം തുടങ്ങിയ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ സുരക്ഷിതമായി പോലീസിലേക്ക് കൈമാറാം.
പ്ലാറ്റ്‌ഫോമിലെ കടകളുടെ വിവരങ്ങൾ (Shops on Platform)
വിവിധ സ്റ്റേഷനുകളിലെ പ്രധാന കടകൾ, ഭക്ഷണശാലകൾ എന്നിവയുടെ വിവരങ്ങൾ എളുപ്പത്തിൽ അറിയാം.
സേവനം ലഭ്യമാക്കാൻ: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ Pol-App ഡൗൺലോഡ് ചെയ്ത് ‘Rail Maithri’ സന്ദർശിക്കുക.






