കോഴിക്കോട്: മലബാർ മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ ക്രമക്കേടുകളും ക്രമവിരുദ്ധ പ്രവർത്തനങ്ങളും നടന്നതായ ആരോപണത്തിൽ ക്ഷീര വികസനവകുപ്പ് ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.ജോ. ഡയറക്ടർ ജയസുജീഷ്, ഡെപ്യൂട്ടി ഡയറക്ടർമാരായ ഒ.സജിനി, ഫെമി വി. മാത്യു, അസി. ഡയറക്ടർമാരായ സിജോൺ ജോൺസൺ, എം.കെ. സ്മിത എന്നിവരടങ്ങിയ സംഘമാണ് അന്വേഷിക്കുക. വൻതുക ചെലവഴിച്ച് പുറമെ നിന്നുള്ള കമ്പനികൾ നിർമിക്കുന്ന ആയുർവേദ, ഹോമിയോ മരുന്നുകൾ മതിയായ ലൈസൻസ് ഇല്ലാതെ മലബാർ മേഖല സഹകരണ ക്ഷീരോൽപാദക ലേബൽ പതിപ്പിച്ച് മലബാർ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ മുഖേന ക്ഷീരസംഘങ്ങളിലൂടെ അനധികൃതായി വിൽപന നടത്തി മലബാർ റൂറൽ ഡവലപ്മെന്റ് ഫൗണ്ടേഷനും ക്ഷീരസംഘങ്ങൾക്കും വലിയ നഷ്ടം ഉണ്ടാക്കി.ഫൗണ്ടേഷൻ ധനസഹായം നൽകിയത് സംബന്ധിച്ച്, 2022ന് ശേഷം ഫൗണ്ടേഷന്റെ വാർഷിക റിപ്പോർട്ടുകളും ഓഡിറ്റ് ചെയ്ത കണക്കുകളും യൂനിയൻ പൊതുയോഗത്തിൽ അവതരിപ്പിക്കാത്തതുസംബന്ധിച്ചും കാസർകോട് ഡയറിയിൽ ഗുണമേൻമ ഉറപ്പു വരുത്താതെ മുൻകൂർ പണമടച്ച് സമ്പത്റാവു ദേശ്മുഖ് കോ ഓപറേറ്റീവ് മിൽക് യൂണിയനിൽ നിന്ന് പാൽവാങ്ങിയത് സംബന്ധിച്ചും മലപ്പുറം ഡയറിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ധനദുർവിനിയോഗം സംബന്ധിച്ചും അന്വേഷിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി.മലപ്പുറം ഡയറിയിൽ നെയ്യ് ഉൾപടെ പാലുൽപന്നങ്ങളുടെ സ്റ്റോക്കിൽ സോഫ്റ്റ് വെയർ എഡിറ്റിങ് അനുവദിച്ച് വിശ്വാസവഞ്ചന , നിയവിരുദ്ധ നിയമനം, 2026 ഫെബ്രുവരി 28ന് പണം അടയ്ക്കാതെ 49,931 ലിറ്റർ പാൽ കടത്ത്, സംബന്ധിച്ചും പത്ത് ലക്ഷം രൂപ ചെലവഴിച്ച് ക്രമവിരുദ്ധമായി പോസ്റ്റൽ സ്റ്റാമ്പ് റിലീസ് ചെയ്തത് തുടങ്ങിയവ അന്വേഷണപരിധിയിൽ വരും.






