ഐച്ചി-നഗോയ : രണ്ടാഴ്ച നീണ്ടുനിന്ന ഏഷ്യന്‍ ഗെയിംസ് കായിക മാമാങ്കത്തിന് സുവര്‍ണ്ണ തിളക്കത്തോടെ ഇന്ത്യ വിരാമമിട്ടു. ഏഷ്യന്‍ ഗെയിംസിന്റെ അവസാന ദിനത്തില്‍ മാത്രം 5 സ്വര്‍ണവും 2 വെള്ളിയും 2 വെങ്കലവും ഉള്‍പ്പെടെ 9 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ അടിച്ചെടുത്തത്. ഇതോടെ 21 സ്വര്‍ണവും 27 വെള്ളിയും 37 വെങ്കലവും അടക്കം ആകെ 85 മെഡലുകളുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ ഉസ്‌ബെക്കിസ്ഥാനെ മറികടന്ന് നാലാം സ്ഥാനത്തെത്തി ചരിത്രം കുറിച്ചു. പുരുഷ ഹോക്കി ഫൈനലില്‍ മലേഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് (5-1) തകര്‍ത്ത് ഇന്ത്യ സ്വര്‍ണം നിലനിര്‍ത്തി. ഈ വിജയത്തോടെ 2028-ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിനും ടീം യോഗ്യത നേടി. കബഡിക്കും ക്രിക്കറ്റിനും ശേഷം ഏഷ്യന്‍ ഗെയിംസിന്റെ ഒരേ പതിപ്പില്‍ പുരുഷ-വനിതാ ടീമുകള്‍ ഒരുമിച്ച് സ്വര്‍ണം നേടുന്ന (ഇരട്ട സ്വര്‍ണം) മൂന്നാമത്തെ കായിക ഇനമായി ഇതോടെ ഹോക്കി മാറി.ആവേശകരമായ പുരുഷ ക്രിക്കറ്റ് ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ 19 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി. വനിതാ ടീമിന്റെ സ്വര്‍ണനേട്ടത്തിന് പിന്നാലെ പുരുഷന്മാരും ചാംപ്യന്മാരായതോടെ ക്രിക്കറ്റിലും ഇന്ത്യ ഇരട്ട സ്വര്‍ണം പൂര്‍ത്തിയാക്കി. വനിതകളുടെ വ്യക്തിഗത റിക്കര്‍വ് അമ്പെയ്ത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി കുങ്കും മൊഹോദ് ചരിത്രം കുറിച്ചു. കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ ഷൂട്ട്-ഓഫിലാണ് കുങ്കും സ്വര്‍ണം എറിഞ്ഞിട്ടത്. ഈ നേട്ടത്തോടെ 2028 ഒളിംപിക്സ് ക്വാട്ടയും ഇന്ത്യ സ്വന്തമാക്കി. ഇതേ ഇനത്തില്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ നീരജ് ചൗഹാന്‍ വെങ്കലം നേടി.ഗോള്‍ഫ് മൈതാനത്ത് നിന്ന് പ്രണവി ഉറസ് ഇന്ത്യയ്ക്കായി ചരിത്രത്തിലെ ആദ്യ വ്യക്തിഗത സ്വര്‍ണം നേടി. കൂടാതെ പ്രണവി, അതിഥി അശോക്, ദീക്ഷ ദാഗര്‍ എന്നിവരടങ്ങിയ സംഘം വനിതാ ടീം ഇനത്തില്‍ ഇന്ത്യയ്ക്കായി വെള്ളിയും കരസ്ഥമാക്കി. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സ്വര്‍ണം നേടി. മല്‍സരത്തിന്റെ അവസാന മിനിറ്റ് വരെ 7-6 ന് പിന്നിലായിരുന്ന അമന്‍, അവസാന നിമിഷങ്ങളില്‍ അഞ്ച് പോയിന്റുകള്‍ തുടര്‍ച്ചയായി നേടി തകര്‍പ്പന്‍ തിരിച്ചുവരവോടെയാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഗുസ്തിയില്‍ അന്തിം പംഗല്‍ വെള്ളിയും ദീപക് പുനിയ വെങ്കലവും നേടി.






