spot_img
Tuesday, October 6, 2026

പൂജ, ദീപാവലി അവധിക്കും ആലപ്പുഴ വഴി സ്പെഷൽ ട്രെയിൻ ഇല്ല; അനുവദിച്ച എല്ലാ ട്രെയിനുകളും കോട്ടയം വഴി



ആലപ്പുഴ : ഓണക്കാലത്തിനു പിന്നാലെ പൂജ, ദീപാവലി അവധികളിലെ സ്പെഷൽ ട്രെയിനുകളിലും ഇടമില്ലാതെ ആലപ്പുഴ. പൂജ, ദീപാവലി ദിനങ്ങളിൽ നാട്ടിലേക്കു വരുന്നവർക്കായി റെയിൽവേ അനുവദിച്ച പ്രത്യേക ട്രെയിനുകളിലൊന്നു പോലും തീരദേശ റെയിൽപാതയിലൂടെയില്ല. എല്ലാ ട്രെയിനുകളും കോട്ടയം വഴിയാണ് സഞ്ചരിക്കുക. ഈ പാതയിൽ ഉൾപ്പെട്ട ജില്ലയിലെ ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് ചില ട്രെയിനുകൾക്കെങ്കിലും സ്റ്റോപ്പുകളുള്ളത്.റെയിൽവേ ഓണത്തിന് 148 സ്പെഷൽ സർവീസുകൾ ഓടിച്ചിരുന്നെങ്കിലും ഒരു സ്പെഷൽ ട്രെയിൻ പോലും ആലപ്പുഴ വഴിയില്ലായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നെങ്കിലും റെയിൽവേ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. അടുത്ത അവധിക്കാലങ്ങളിലെങ്കിലും തീരദേശപാത വഴി സ്പെഷൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷയാണ് ഇല്ലാതാകുന്നത്. തിരുവനന്തപുരം നോർത്ത് – സാന്ദ്രഗച്ചി എക്സ്പ്രസ് സ്പെഷൽ, തിരുവനന്തപുരം സെൻട്രൽ – മദാർ ജംക്‌ഷൻ എക്സ്പ്രസ് സ്പെഷൽ, ചെന്നൈ എഗ്‌മൂർ – കൊല്ലം വീക്ക്‌ലി എക്സ്പ്രസ് സ്പെഷൽ തുടങ്ങിയവയെല്ലാം കോട്ടയം വഴിയാണ് കടന്നുപോകുന്നത്. ഇരുപതിലേറെ സർവീസുകൾ നടത്തുന്ന ഈ സ്പെഷൽ ട്രെയിനുകൾക്കായി റിസർവേഷൻ ദക്ഷിണ റെയിൽവേ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.സിംഗിൾ ലൈൻ പാതയാണ് എന്ന കാരണം പറഞ്ഞാണ് ആലപ്പുഴയെ തഴയുന്നതെങ്കിലും ഇത് നീതീകരിക്കാവുന്നതല്ല എന്നാണ് യാത്രക്കാർ പറയുന്നത്. മറ്റു പല സിംഗിൾ ലൈൻ പാതകളിലൂടെയും സ്പെഷൽ ട്രെയിനുകൾ പോകുന്നുണ്ടെന്നും കാര്യക്ഷമമായ രീതിയിൽ സമയക്രമീകരണം നടത്തിയാൽ ആലപ്പുഴ വഴിയും സ്പെഷൽ ട്രെയിനുകൾ ഓടിക്കാൻ സാധിക്കുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വർഷം ആലപ്പുഴ വഴി സ്പെഷൽ ട്രെയിനുകൾ ഓടിയിരുന്നു. അവധി നാളുകളിൽ ആലപ്പുഴ വഴിയുള്ള ട്രെയിനുകൾക്കെല്ലാം ഇപ്പോൾ തന്നെ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്. ഇനി പ്രഖ്യാപിക്കുന്ന സ്പെഷൽ ട്രെയിനുകളിലെങ്കിലും ആലപ്പുഴയെ പരിഗണിക്കണമെന്നും വിഷയത്തിൽ ജനപ്രതിനിധികൾ കാര്യക്ഷമമായി ഇടപെടണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles