കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ അഗ്രികൾച്ചർ മിഷന്റെ ഭാഗമായി നടപ്പാക്കുന്ന അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രിയിൽ (AgriStack Farmer Registry) നേരത്തെ രജിസ്റ്റർ ചെയ്ത് ഫാർമർ ഐഡി (Farmer ID) നേടിയ കർഷകർ തങ്ങളുടെ പേരിലുള്ള മുഴുവൻ കൃഷിഭൂമികളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി രജിസ്ട്രി അപ്‌ഡേറ്റ് ചെയ്യണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ കാർഷിക പദ്ധതികൾ, സബ്‌സിഡികൾ, പ്രധാനമന്ത്രി ഫസൽ ബീമാ യോജന (PMFBY), കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (RWBCIS) തുടങ്ങിയ വിള ഇൻഷുറൻസുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയുള്ള വളം വിതരണം തുടങ്ങിയ ആനുകൂല്യങ്ങൾക്ക് ഫാർമർ ഐഡിയും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കൃഷിഭൂമിയുടെ വിവരങ്ങളുമായിരിക്കും ഇനി മാനദണ്ഡമാക്കുന്നത്. കൃഷിഭൂമിയുടെ വിവരങ്ങൾ സ്വയം ചേർക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള യൂസർ മാനുവൽ കൃഷി വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്; കർഷകർക്ക് മാനുവലിന്റെ സഹായത്തോടെ സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ (CSC), കൃഷിഭവനുകൾ എന്നിവ വഴിയോ വിവരങ്ങൾ പുതുക്കാവുന്നതാണ്.






