മലപ്പുറം: വണ്ടൂരിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കാളികാവിലെ വ്യാപാരി മരിച്ചു. കാളികാവ് ജങ്ഷനിലെ കൊച്ചുകുടിയിൽ ഹോം അപ്ലയൻസസ് ഉടമ പെവുന്തറ സ്വദേശി അച്ചിപ്ര സത്താറാണ് (45) മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സത്താറിന്റെ മരണം സ്ഥിരീകരിച്ചത്.വണ്ടൂർ-മഞ്ചേരി റോഡിൽ അടുത്തിടെ പ്രവർത്തനംതുടങ്ങിയ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട്ചെയ്തത്. വണ്ടൂരിൽ രോഗബാധിതരുടെ എണ്ണം ചൊവ്വാഴ്ചയോടെ 100 കടന്നു. തിങ്കളാഴ്ച വണ്ടൂരിൽ മാത്രം 40 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.കാളികാവ്, ചോക്കാട്, പോരൂർ, തിരുവാലി തുടങ്ങിയ സമീപ പഞ്ചായത്തുകളിലും ഈ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവരിൽ മഞ്ഞപ്പിത്തം റിപ്പോർട്ട്ചെയ്തിട്ടുണ്ട്. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കാനായി ദൂരസ്ഥലങ്ങളിൽനിന്നെത്തിയവരുടെ വിവരങ്ങൾ പൂർണമായി ശേഖരിക്കാനായിട്ടില്ല. സെപ്റ്റംബർ ഒന്നിനും 18-നും ഇടയിൽ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.ആരോഗ്യവകുപ്പ് ഹോട്ടൽ അടപ്പിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ തേടണമെന്നും ഭക്ഷണം കൈകാര്യംചെയ്യുന്ന സ്ഥാപനങ്ങൾ ശുചിത്വം ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. രോഗബാധിതപ്രദേശങ്ങളിൽ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.പരേതനായ അച്ചിപ്ര ഹംസയാണ് സത്താറിന്റെ പിതാവ്. മാതാവ്: നബീസ. ഭാര്യ: റംസീന. മക്കൾ: ഫാത്തിമ്മ റഷ, മുഹമ്മദ് റസൽ, ആയിഷ റിന. കബറടക്കം ബുധനാഴ്ച രാവിലെ ഒൻപതിന് കാളികാവ് ജുമാമസ്ജിദ് കബറിസ്താനിൽ.






