കോഴിക്കോട്: ഈ മാസം വെള്ളിയാഴ്ച മുതൽ മൂന്നുദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടക്കുന്ന റവന്യൂ ജില്ല കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. അത്ലറ്റിക്സ് ഇനങ്ങളാണ് ഇവിടെ നടക്കുന്നത്. വിവിധ ഉപജില്ല മത്സരങ്ങളിൽ മികച്ച വിജയം കൈവരിച്ച കായിക പ്രതിഭകളാണ് ജില്ല തലത്തിൽ മത്സരിക്കാൻ എത്തുക. അത്ലറ്റിക്സ് ഇനങ്ങൾക്ക് പുറമേ ഫുട്ബാൾ, ക്രിക്കറ്റ്, ബാസ്കറ്റ്ബാൾ, വോളിബാൾ, ജൂഡോ, റെസ്ലിങ് തുടങ്ങിയ 40ലേറെ ഗെയിംസ് ഇനങ്ങളിലും മത്സരങ്ങൾ നടക്കും.
ജില്ലയിലെ 17 ഉപജില്ലകളിൽ നിന്നുള്ള കായിക പ്രതിഭകളാണ് റവന്യൂ ജില്ല കായികമേളയിൽ മാറ്റുരക്കുക. താമരശ്ശേരി, കോഴിക്കോട് സിറ്റി, കൊയിലാണ്ടി, വടകര തുടങ്ങിയ സബ് ജില്ലകൾ തമ്മിലാണ് പ്രധാന പോരാട്ടം.കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഇത്തവണയും ജില്ലയിലെ പ്രമുഖ കായിക സ്കൂളുകൾ തമ്മിൽ ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ കായികാധ്യാപകരുടെയും പരിശീലകരുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് മേളക്കായി നടത്തിയിട്ടുള്ളത്. നീന്തൽ, ഫുട്ബാൾ, ബാസ്ക്കറ്റ്ബാൾ തുടങ്ങിയ വിവിധ ഗെയിംസ് ഇനങ്ങൾ ജില്ലയിലെ തെരഞ്ഞെടുത്ത പ്രധാന സ്കൂൾ ഗ്രൗണ്ടുകളിലും ഇൻഡോർ സ്റ്റേഡിയങ്ങളിലുമാണ് നടക്കുക.






