കൽപറ്റ:പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകൻ ചെറുവയൽ രാമൻ (74) അന്തരിച്ചു. എടവക കമ്മന സ്വദേശിയാണ്. പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. പാരമ്പര്യത്തനിമ പേറുന്ന, വൈക്കോൽ മേഞ്ഞ വീട്ടിൽ താമസിച്ചിരുന്ന രാമൻ നാട്ടുകാർക്കു ‘നെല്ലച്ഛ’നായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.ചെറുവയൽ കുറിച്യത്തറവാട്ടിലെ കേളപ്പന്റെയും തേയിയുടെയും മകനായി 1952 ലാണു ജനനം. പ്രതികൂല സാഹചര്യങ്ങൾ ഉയർന്ന വിദ്യാഭ്യാസത്തിനു തടസ്സമായെങ്കിലും ജീവിതാനുഭവങ്ങളിലൂടെ വലിയ അറിവുകൾ സ്വന്തമാക്കി. പരിസ്ഥിതിയുടെയും നെൽക്കൃഷിയുടെയുമെല്ലാം പ്രാധാന്യം തിരിച്ചറിഞ്ഞ രാമൻ ബ്രസീലിലെ ലോക കാർഷിക സെമിനാറിലടക്കം ഇന്ത്യയുടെ ശബ്ദമായി. കുന്നുംകുളമ്പൻ, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി,ഓണമൊട്ടൻ, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം അടക്കമുള്ള വിത്തുകളുടെ സംരക്ഷകനായിരുന്നു രാമൻ.പതിനേഴാം വയസ്സിൽ അമ്മാവൻ മരണമടഞ്ഞതോടെ ഗോത്രത്തിന്റെയും കൃഷിയുടെയും ചുമതല രാമനായി. കൂട്ടുകുടുംബ വ്യവസ്ഥ നിലനിൽക്കുന്ന കുറിച്യത്തറവാട്ടിൽ അമ്മാവൻ ഏൽപിച്ച നെൽവിത്തുകളും കന്നുകാലികളും ഏക്കറുകണക്കിനു ഭൂമിയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രാമൻ ഏറ്റെടുത്തു. നെൽവിത്തു തേടിയെത്തുന്നവരിൽ നിന്നു വയനാടിന്റെ നെല്ലച്ഛൻ പണം ഈടാക്കിയിരുന്നില്ല. 2011ൽ ഹൈദരാബാദിൽ നടന്ന രാജ്യാന്തര ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചു. ബ്രസീലിലെ ലോക കാർഷിക സെമിനാറിലുൾപ്പെടെ 11 രാജ്യങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ പങ്കെടുത്തു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയർ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഗീത. മക്കൾ: രമണി, രമേശൻ, രാജേഷ്.






