കോഴിക്കോട് : നഗരത്തിലെ സ്പാകളിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റിയിലെ വിവിധ സ്പാകളിലും, മസാജ് സെന്ററുകളിലും പൊലീസ് മിന്നൽ പരിശോധന. 4 പേരെ അറസ്റ്റ് ചെയ്തു. 70 ഓളം സ്പാകളിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 8 മസാജ് സെന്ററുകൾ അടപ്പിക്കുകയും 6 മസാജ് സെന്ററുകൾക്കു നിർത്താൻ നോട്ടിസ് നൽകുകയും ചെയ്തു. ഇത്തരം സ്പാകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലി പറഞ്ഞു. എലത്തൂർ, കസബ എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്.നഗരത്തിലെ സ്പാകളുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമാണോയെന്നും ആവശ്യമായ ലൈസൻസുകളും മറ്റ് അനുമതികളും ഉണ്ടോയെന്നും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. സ്പാകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ റജിസ്റ്റർ ചെയ്ത് പൊലീസിനു അടിയന്തരമായി നൽകണമെന്നും നിർദേശം നൽകി. ആവശ്യമായ രേഖകളും ലൈസൻസുകളും ഇല്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കെതിരെയും നടപടി ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. സ്പാകളിൽ എത്തുന്നവരും കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്നു അന്വേഷണത്തിൽ കണ്ടെത്തിയാൽ നിയമനടപടികൾ നേരിടേണ്ടി വരും. അനാശാസ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നിയമലംഘനം നടത്തുന്നവർക്കെതിരെയും തെളിവുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കും. തുടർദിവസങ്ങളിലും പരിശോധനകൾ നടക്കും.






